ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുമ്പന്മാര്‍ക്ക് ജയവും തോല്‍വിയും സമനിലയും . എഡിസണ് കാവാനിയുടെ ഇരട്ടഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉശിരന്‍ ജയം നേടിയപ്പോള്‍ ആഴ്സണല്‍ തോല്‍വി രുചിച്ചു. ചെല്‍സി സമനിലകുരുക്കിലും പെട്ടു.
സതാംപ്ടണിനെതിരെ ആദ്യ പകുതിയില്‍ത്തന്നെ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന യുണൈറ്റഡ് രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 23-ാം മിനിറ്റില്‍ ജെന്‍ ബെഡ്നാരേകിലൂടെ മുന്നിലെത്തിയ സതാംപ്ടണ് പത്തുമിനിറ്റിനകം യുണൈറ്റഡിന്റെ പ്രതിരോധം തകര്‍ത്ത് രണ്ടാം ഗോളും നേടി. ജെയിംസ് വാര്‍ഡാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ യുണൈറ്റഡ് 1-2ന് ലീഡ് കുറച്ചത് ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയായിരുന്നു. തുടര്‍ന്ന് 74-ാം മിനിറ്റില്‍ എഡിസണ് കവാനി നിര്‍ണ്ണായക സമനില നേടി. കളിയുടെ അവസാന നിമിഷം ലഭിച്ച അധികസമയത്താണ് യുണൈറ്റഡിന് വീരോചിത വിജയം സമ്മാനിച്ച് കവാനി തന്റെ രണ്ടാം ഗോളും നേടിയത്. ലീഗില്‍ യുണൈറ്റഡ് നിലവില്‍ അഞ്ചു ജയങ്ങളോടെ എട്ടാം സ്ഥാനത്താണ്.
രണ്ടാം മത്സരത്തില്‍ വൂള്‍വ്സിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന നിരാശയിലാണ് ആഴ്സണല്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആഴ്സണല്‍ വൂള്‍വിസിന് മുന്നില്‍ അടിപതറിയത്. കളിയുടെ 27-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയിലൂടെ വൂള്‍വ്സ് മുന്നിലെത്തി. എന്നാല്‍ മൂന്നുമിനിറ്റിനകം ഗാബ്രിയേയിലൂടെ ആഴ്സണല്‍ സമനില പിടിച്ചെങ്കിലും 42-ാം മിനിറ്റില്‍ ദാനിയല്‍ പൊഡെന്സിയിലൂടെ വൂള്‍വ്സ് ജയം നേടി. ലീഗില്‍ ആഴ്സണല്‍ 14-ാം സ്ഥാനത്തേക്കാണ് വീണത്. വൂള്‍വ്സ് ആറാം സ്ഥാനത്താണ്.
ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ചെല്‍സി-ടോട്ടനം സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. ശക്തമായ പ്രതിരോധം തീര്‍ത്ത ഇരുടീമുകളും പര്സ്പരം ഗോളടിക്കാന്‍ സമ്മതിച്ചില്ല. കളി ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്.13 ഷോട്ടുകളുതിര്‍ത്ത നീലപ്പടയ്ക്ക് ഗോളവസരം സൃഷ്ടിക്കാനായില്ല. കളിയിലുടനീളം പന്ത് കൈവശം വച്ചിട്ടും ചെല്‍സി അവസരങ്ങള്‍ തുലച്ചു. ഗോള്‍ വലയ്ക്ക് നേരെ മൂന്നു തവണ ചെല്‍സി ലക്ഷ്യം വെച്ചപ്പോള്‍ ടോട്ടനത്തിന് ഒരു തവണമാത്രമാണ് ഗോള്‍വല ലക്ഷ്യമാക്കാനായത്. ലീഗില്‍ ടോട്ടനം ഒന്നാം സ്ഥാനത്തും ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്.
Comments