സിഡ്‌നി: ഏകദിന പരമ്പര കൈവിട്ട ഇന്ത്യ നാളെ കങ്കാരുക്കള്‍ക്കെതിരെ ആശ്വാസ ജയത്തിനിറങ്ങുന്നു. കാന്‍ബറയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനും രണ്ട് ഏകദിനത്തിലും തിളങ്ങാൻ കഴിയാത്ത ശ്രേയസ്സ് അയ്യര്‍ക്കും പകരക്കാരെ ഇറക്കാനാണ് സാധ്യത.
യുവതാരം ശുഭ്മാന്‍ ഗിൽ ടീമിലെത്താൻ സാദ്ധ്യതയുണ്ട്. മധ്യനിരയിലേയ്‌ക്ക് സഞ്ജു സാംസണിന്റേയും മനീഷ് പാണ്ഡയുടേയും പേരും പരിഗണനയിലുണ്ട്. ഇതിനിടെ നവ്ദീപ് സെയ്‌നിയെ ബൗളിംഗ് നിരയില്‍ നിന്ന് മാറ്റി റിസര്‍വ്വ് ബെഞ്ചിലെ യുവതാരങ്ങളെ കളിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഷാര്‍ദ്ദുല്‍ ഠാക്കൂറിനും നടരാജനും കുല്‍ദീപ് യാദവിനും സാദ്ധ്യതയുണ്ട്.
മികച്ച ഫോമിലുള്ള ഡേവിഡ് വാര്‍ണറുടെ പരിക്കാണ് ഓസീസിന് വിനയായിരിക്കുന്നത്. രണ്ടാം ഏകദിനത്തിലെ ഫീല്‍ഡിംഗിനിടെയാണ് ഇടുപ്പില്‍ പരിക്കേറ്റ് വാര്‍ണര്‍ മടങ്ങിയത്. പാറ്റ് കമ്മിന്‍സും നാളെ ഇറങ്ങിയേക്കില്ല. ആദ്യം ബാറ്റ്‌ചെയ്ത ടീമിന് മുൻതൂക്കം നൽകുന്ന കാൻബറയിലെ പിച്ചിൽ 300ന് മുകളിൽ റണ്ണൊഴുകാനാണ് സാധ്യത. രണ്ടു കളികളിലും ഭാഗ്യം തുണയ്‌ക്കാത്ത ഇന്ത്യയ്‌ക്ക് നാളത്തെ ടോസ് നിര്‍ണ്ണായകമാണ്.















