ലണ്ടൻ: ഒളിമ്പിക്‌സിൽ ഇനി ബ്രേക്ക് ഡാൻസും. 2024 ലെ പാരിസ് ഒളിമ്പിക്‌സിൽ ബ്രേക്ക് ഡാൻസ് ഉൾപ്പെടെയുള്ള നാല് ഇനങ്ങൾ ഉൾപ്പെടുത്താൻ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി. പാരിസ് ഒളിമ്പിക്‌സിൽ സർഫിംഗ്, സ്‌കേറ്റ് ബോർഡിംഗ്, സ്‌പോർട്‌സ് ക്ലൈംബിംഗ്, ബ്രേക്ക് ഡാൻസ് എന്നിവ ഉൾപ്പെടുത്തുന്നതിനാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകിയത്. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചാണ് ഇക്കാര്യം അറിയിച്ചത്.
2024 പാരീസ് ഒളിമ്പിക്‌സിനെ കൊറോണാനന്തര ലോകത്തിന് കൂടുതൽ അനുയോജ്യമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് തോമസ് ബാച്ച് വ്യക്തമാക്കി. യുവാക്കളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദീകരിക്കുന്ന നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പോൺസർമാർക്കും ബ്രോഡ്കാസ്റ്റിംഗ് പങ്കാളികൾക്കും താത്പര്യമുള്ള തരത്തിൽ ഒളിമ്പിക്‌സിനെ നവീകരിക്കാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പുതിയ നീക്കം. മേഖലയിലെ ജനപ്രീയ ഇനങ്ങളെ തെരഞ്ഞെടുക്കാൻ ആതിഥേയ നഗരത്തെ അനുവദിക്കുന്ന അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പുതിയ ചട്ടപ്രകാരമാണ് നീക്കം.















