അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ ആരംഭിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഗുജറാത്തിലെ ജാംനഗറിലാണ് മൃഗശാല ആരംഭിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ സ്വപ്‌ന പദ്ധതിയാണിത്. ഇന്ത്യയിലേയും ലോകത്തിലെയും നൂറോളം ഇനത്തിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും മൃഗശാലയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് സമീപത്തായി 280 ഏക്കറിലാണ് മൃഗശാല ഒരുക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് പദ്ധതി നീണ്ടു പോയതെന്നും രണ്ടു വർഷത്തിനകം പൊതുജനങ്ങൾക്ക് തുറന്ന് നൽകുമെന്നും റിലയൻസ് ഇൻഡസ്ട്രീസിലെ മുതിർന്ന എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.
മൃഗശാലയ്‌ക്ക് ആവശ്യമായ എല്ലാ രേഖകളും കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും കമ്പനി വക്താക്കൾ അറിയിച്ചു. സ്വകാര്യ മേഖലയിൽ മൃഗശാല എന്നത് ഇന്ത്യയിൽ പുതിയ കാര്യമല്ലെന്ന് വനംപരിസ്ഥിതി മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ സൗമിത്യ ദാസ്ഗുപ്ത പറഞ്ഞു. കൊൽക്കത്തയിലെ സുവോളജിക്കൽ ഗാർഡൻ ഇത്തരത്തിലുള്ളതാണ്. വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയായി ഈ മൃഗശാല മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















