ചെന്നൈ : മഹാബലിപുരത്തെ മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് സെന്റർ ഫോർ ഹെർപ്പറ്റോളജിയിൽ നിന്നും കാണാതായ ആമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് തമിഴ്നാട് പോലീസ്.
ആൽഡ്രാബ ഇനത്തിൽപ്പെട്ട ഈ ആമയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ വരെ വിലയുണ്ട്.
150 വർഷം വരെ ജീവിച്ചിരിക്കുന്ന ഈ ഇനത്തിലെ ആമകൾക്ക് 1.5 മീറ്ററിലധികം നീളവും 60 കിലോയോളം ഭാരവുമുണ്ടാകും. പാർക്കിൽ നിന്നും കാണാതായ ആമയ്ക്ക് 100 കിലോഗ്രാം വരെ ഭാരമുണ്ട്. 50 വയസാണ് പ്രായം. ഇത്തരം ഭീമൻ ആമകളെ സാധാരണയായി മരുന്ന് നിർമ്മിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്.
ആഴ്ചകൾക്ക് മുൻപാണ് ഇവിടെ മോഷണം നടന്നത്. എന്നാൽ വിവരം ഇപ്പോഴാണ് അധികൃതർ പുറത്തുവിടുന്നത്. സംഭവത്തിൽ സംശയം തോന്നിയ പോലീസ് പാർക്കിലെ ജീവനക്കാരെ ചോദ്യം ചെയ്തു. നവംബർ 11, 12 തീയതികളാണ് മോഷണം നടന്നത് എന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ പരിധിയില്‍ പെടാത്ത സ്ഥലത്ത് നിന്നാണ് മോഷണം നടന്നിരിക്കുന്നതും.
ഐപിസി സെക്ഷന്‍ 379 അനുസരിച്ച് മാമല്ലപുരം പോലീസ് കേസെടുത്തിട്ടുണ്ട്. മോഷ്ടാക്കൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പാതയോരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കാനുളള ഒരുക്കത്തിലാണ് പോലീസ്.
Comments