ലണ്ടൻ: ലിവർപൂളിനെ സതാംപ്ടൺ അട്ടിമറിച്ചു. പ്രീമിയർ ലീഗിലെ മത്സരത്തിൽ സതാംപ്ടൺ സ്വന്തം തട്ടകമായ സെന്റ് മേരീസ് സ്റ്റേഡിയത്തിലാണ് ചെമ്പടയെ തോൽപ്പിച്ചത്. ഏക ഗോളിനായിരുന്നു ജയം. തോൽവി ഏറ്റുവാങ്ങിയെങ്കിലും നിലവിൽ ഒന്നാം സ്ഥാനത്ത് തന്നെ ലിവർപൂൾ തുടരുകയാണ്.
കളിയുടെ തുടക്കത്തിൽ തന്നെ ലിവർപൂളിനെ ഞെട്ടിച്ച് സതാംപ്ടൺ ഗോളടിച്ചു. രണ്ടാം മിനിറ്റിൽ ഡാനി ഇംഗ്സാണ് ഗോൾ നേടിയത്. കളിയുടെ ഭൂരിഭാഗം സമയത്തും പന്ത് കൈവശമുണ്ടായിട്ടും നിലവിലെ ചാമ്പ്യന്മാർക്ക് ഗോളടിക്കാനായില്ല. 17 തവണ ഷോട്ടുകളുതിർത്തെങ്കിലും ഗോൾ പിറന്നില്ല. സതാംപ്ടണിന്റെ പ്രതിരോധ നിരയെ മറികടക്കാനാകാതെ പതറിയ ലിവർപൂൾ ആകെ ഒരു ഷോട്ടാണ് ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തത്. എന്നാൽഅതും ഗോളായി മാറിയില്ല. പോയിന്റ് പട്ടികയിൽ ലിവർപൂൾ 17 കളികളിലായി 33 പോയിന്റാണുള്ളത്. അതേ പോയിന്റ് മാഞ്ചസ്റ്റർ യുണൈറ്റഡും നേടിയെങ്കിലും ഗോളടിച്ച എണ്ണത്തിന്റെ വർദ്ധനയാണ് ലിവർപൂളിന് ഗുണമാകുന്നത്. സതാംപ്ടൺ 17 മത്സരങ്ങളിലായി 29 പോയിന്റുകളോടെ ആറാം സ്ഥാനത്താണ്.
Comments