കണ്ണൂർ : വധ ഭീഷണിയുണ്ടെന്ന ലീഗ് എംഎൽഎ കെ.എം ഷാജിയുടെ പരാതിയിൽ മുംബൈ കേന്ദ്രീകരിച്ചും അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വളപട്ടണം പോലീസ് വെള്ളിയാഴ്ച മുംബൈയിലേക്ക് തിരിക്കും. പ്രതിയായ തേജസിന്റെ മുംബൈ ബന്ധങ്ങൾ അന്വേഷിക്കുന്നതിനും, ഫോൺ സംഭാഷണത്തിലുള്ള മൻസൂർ എന്നയാളെ ചോദ്യം ചെയ്യുന്നതിനുമായാണ് പോലീസ് മുംബൈയിലേക്ക് പോകുന്നത്.
സംഭവത്തിൽ തേജസിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല. തുടർന്നാണ് മുംബൈയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ഇൻസ്പെക്ടർ പിആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലേക്ക് തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് തന്നെ വധിക്കാൻ മുംബൈയിൽ നിന്നുള്ള അധോലോക സംഘം ഗൂഢാലോചന നടത്തുന്നതായി ഷാജി പരാതി നൽകിയത്. വധിക്കാൻ ഗൂഢാലോചന നടത്തുന്നതുമായി ബന്ധപ്പെട്ട് ഇ മെയിലിലേക്ക് വന്ന ഫോൺ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് ഷാജി പോലീസിനെ സമീപിപ്പിച്ചത്.
Comments