ബാഴ്സലോണ: പ്രതിസന്ധികൾ നിറഞ്ഞ ഒരു ലീഗ് സീസണിൽ നിന്നും വിജയവഴിയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങി ബാഴ്സലോണ. കരുത്തരായ അത്‌ലറ്റിക് ബിൽബാവോയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 01:30ന് സാൻ മാംസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
കഴിഞ്ഞ സീസണിലെ കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ക്ലബ്ബിനോട് പരാജയപ്പെട്ടാണ് ബാഴ്സ പുറത്തായത്. അതിനുള്ള ഒരു മറുപടി കൂടി കരുതിവെച്ചാകും ബാഴ്സ പോരാട്ടത്തിനിറങ്ങുന്നത്. ലാലിഗ രണ്ടാം റൗണ്ടിൽ മാറ്റിവെച്ച മത്സരമാണ് നടക്കാൻ പോകുന്നത്. മാറ്റിവെച്ച കളികളിൽ നിന്നും പരമാവധി പോയിന്റുകൾ നേടി എതിരാളികളുമായുള്ള പോയിന്റ് വ്യത്യാസം കുറയ്‌ക്കുകയെന്ന കടമ്പയാണ് റൊണാൾഡ് കൂമാന് മുന്നിലുള്ളത്.
തുടർച്ചയായ രണ്ടാം എവേ മത്സരത്തിന് ഇറങ്ങുന്ന ബാഴ്സയ്‌ക്ക് ഇന്ന് കാര്യങ്ങൾ എളുപ്പമാകാൻ വഴിയില്ല. കൃത്യമായ പ്രതിരോധം തീർക്കുക, വീണു കിട്ടുന്ന അവസരത്തിൽ കൗണ്ടർ സ്‌കോർ ചെയ്യുക എന്ന പദ്ധതിയാണ് എല്ലാ ടീമും ബാഴ്സയെ നേരിടാൻ ഉപയോഗിക്കുന്നത്. കൃത്യമായ ഘടനയുള്ള പ്രതിരോധത്തെ പൊളിക്കാൻ സാധിക്കാത്തതും, കൗണ്ടർ റെസിസ്റ്റൻസ് മോശമായതും കൊണ്ട് ബാഴ്സ നിരന്തരം ഈ പദ്ധതിക്ക് മുമ്പിൽ പോയിന്റുകൾ ഡ്രോപ്പ് ചെയ്യുകയാണ്. ഈയൊരു പ്രതിസന്ധി മറികടക്കാൻ കൂമാന് സാധിച്ചാൽ ഇന്ന് മെസിക്കും സംഘത്തിനും വിജയിച്ചു കയറാം.
ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ വിജയിച്ചു കൊണ്ടാണ് അടുത്ത മത്സരത്തിന് എത്തുന്നത്. നിലവിൽ ലീഗിൽ ഒൻപതാം സ്ഥാനത്താണ് അത്‌ലറ്റിക് ബിൽബാവോ. വിജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് കയറാമെന്നിരിക്കെ സമനില പോലും ബാഴ്സ പ്രതീക്ഷിക്കുന്നില്ല. കരുത്തരായ എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ വിജയിച്ചു കൊണ്ട് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും കിരീട പോരാട്ടത്തിലേക്ക് മടങ്ങി വരാനുമാണ് ബാഴ്സ ഇറങ്ങുക എന്നുറപ്പാണ്.















