സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടി. സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്തിനും രവീന്ദ്ര ജഡേജയ്‌ക്കും പരിക്കേറ്റു. ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്.
പരമ്പരയിൽ ഉടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യയ്‌ക്ക് തലവേദനയായിരിക്കുകയാണ്. മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസറിൽ ജഡേജയുടെ ഇടത് കൈവിരലിന് പരിക്ക് ഏൽക്കുകയായിരുന്നു. പരിക്കേറ്റിട്ടും ബാറ്റിംഗ് തുടർന്ന താരം 36 റൺസെടുത്ത് പുറത്താവാതെ നിന്നു. വിരലിന് പൊട്ടലേറ്റതോടെ ജനുവരി 15ന് ആരംഭിക്കുന്ന നാലാം ടെസ്റ്റ് ജഡേജയ്‌ക്ക് നഷ്ടമാകും.
പാറ്റ് കമ്മിൻസിന്റെ ബൗൺസറിലാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് പരിക്കേറ്റത്. സ്‌കാനിംഗിന് വിധേയമാക്കിയ പന്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ പന്ത് ടീമിനൊപ്പം ചേർന്നേക്കും. രണ്ടാം ഇന്നിംഗ്‌സിൽ പന്തിനു പകരം വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് സംരക്ഷിച്ചത്.















