സാൻഫ്രാൻസിസ്‌കോ: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്ട്‌സ് ആപ്പ്. പുതിയ നയത്തെ ചൊല്ലി ലോകമൊട്ടാകെയുള്ള ഉപയോക്താക്കൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനം. പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാൻ സമയം നൽകുമെന്നാണ് വാട്ട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്. മെയ് വരെ പുതിയ സ്വകാര്യ നയം നടപ്പിലാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിബന്ധനകൾ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്നും ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യാൻ പദ്ധതിയിട്ടിട്ടില്ലെന്നും വാട്ട്‌സ് ആപ്പ് വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനോ കോളുകൾ കേൾക്കാനോ കമ്പനിയ്ക്ക് കഴിയില്ലെന്നും സ്വകാര്യ ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായി തുടരുമെന്നും വാട്ട്‌സ് ആപ്പ് നേരത്തെ പറഞ്ഞിരുന്നു.
വാട്ട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേർഡ് പാർട്ടി സേവനങ്ങളുമായും പങ്കുവെയ്ക്കുന്നത് നിർബന്ധമാക്കുന്ന പുതിയ പോളിസി അപ്‌ഡേറ്റിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. വാട്ട്‌സ് ആപ്പിനെ യഥാർത്ഥ രൂപത്തിൽ തന്നെ നിലനിർത്തണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.















