സെവിയ്യ: ബാഴ്‌സലോണ ജഴ്‌സിയിൽ ആദ്യമായി ചുവപ്പ് കാർഡ് വാങ്ങി സൂപ്പർ താരം ലയണൽ മെസി. സ്പാനിഷ് സൂപ്പർ കപ്പിന്റെ കലാശപ്പോരാട്ടത്തിലാണ് മെസി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. അത്‌ലറ്റിക് ബിൽബാവോ താരത്തെ ഫൗൾ ചെയ്തതിനാണ് റഫറി ചുവപ്പ് കാർഡ് എടുത്തത്.
ആവേശകരമായ മത്സരത്തിന്റെ അവസാന നിമിഷമാണ് മെസിയ്‌ക്ക് കാർഡ് ലഭിച്ചത്. ബിൽബാവോ താരത്തിനെ തല്ലിയതിനാണ് മെസി ചുവപ്പ് കാർഡ് വാങ്ങിയത്. മെസിയ്‌ക്ക് നാല് മത്സരങ്ങളിൽ വരെ വിലക്ക് ലഭിക്കാനും സാധ്യതയുണ്ട്. ബാഴ്‌സലോണയ്‌ക്ക് വേണ്ടി 753-ാം മത്സരം കളിച്ച മെസി ആദ്യമായാണ് ചുവപ്പ് കാർഡ് വാങ്ങിയതെന്നതാണ് മറ്റൊരു പ്രത്യേകത.
കരിയറിൽ ഇതുവരെ 3 ചുവപ്പ് കാർഡുകളാണ് മെസിയ്‌ക്ക് ലഭിച്ചിട്ടുള്ളത്. 2005ൽ രാജ്യന്തര ഫുട്‌ബോളിലെ അരങ്ങേറ്റ മത്സരത്തിലാണ് മെസിയ്‌ക്ക് ആദ്യമായി ചുവപ്പ് കാർഡ് ലഭിച്ചത്. പിന്നീട് 2019ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ചിലിക്കെതിരെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലും മെസിയ്‌ക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.















