ന്യൂഡൽഹി: ഓസീസ് മണ്ണിൽ പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 5 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നാലാം ടെസ്റ്റിന്റെ അവസാന ദിനം 324 എന്ന കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ യുവനിരയുടെ പോരാട്ട വീര്യത്തിലാണ് ജയം പിടിച്ചെടുത്തത്. പ്രമുഖരില്ലാതെയാണ് ഇന്ത്യ 4 മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ മാറ്റുണ്ടായിരുന്നു.
ഒന്നാം ടെസ്റ്റിന് ശേഷം നായകൻ വിരാട് കോഹ്ലി നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നീ പ്രമുഖ താരങ്ങൾക്ക് പരമ്പരയ്ക്കിടെ പരിക്കേറ്റു. ഇതോടെ മുഹമ്മദ് സിറാജ്, ടി. നടരാജൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് ആദ്യ 11ൽ ഇടം ലഭിച്ചു. വിദേശ മണ്ണിൽ ആവശ്യത്തിന് മത്സര പരിചയം പോലുമില്ലാത്ത ടീമിനെ ഇറക്കിയാണ് ഇന്ത്യ പരമ്പര പിടിച്ചതെന്നതാണ് മറ്റൊരു സവിശേഷത.
Comments