ബ്രിസ്‌ബെയ്ൻ: ഇന്ത്യൻ ക്രിക്കറ്റിലെ യുവത്വത്തിന്റെ കരുത്തിനെ വാനോളം പുകഴ്‌ത്തി സുനിൽ ഗവാസ്‌ക്കർ. ബോർഡർ-ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയ ഇന്ത്യൻ നിശ്ചയദാർഢ്യത്തെയാണ് ക്രിക്കറ്റ് ഇതിഹാസം പ്രശംസിച്ചത്.
‘ഇത് തീർത്തും അമ്പരപ്പിക്കുന്ന മാജിക്കാണ്. അവർ ആ കളി എങ്ങനെയെങ്കിലും രക്ഷിക്കാനിറങ്ങിയവരല്ല. അവർ തീരുമാനിച്ചിറങ്ങിയത് ചരിത്രം രചിക്കാനായിരുന്നു. യുവ ഇന്ത്യ അത് കാണിച്ചു തന്നു. അവർ ഭയപ്പെട്ടില്ല’ ഗവാസ്‌ക്കർ പ്രതികരിച്ചു.
പൂജാരയുടെ അനുഭവപരിചയം പ്രത്യേകം എടുത്തുപറഞ്ഞ മുൻ ഇന്ത്യൻ നായകൻ ഋഷഭ് പന്തിനെ നേരത്തേ ഇറക്കാൻ തീരുമാനിച്ച രഹാനെയുടെ തീരുമാനത്തെ അതിഗംഭീരം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ എന്തുകൊണ്ടും രഹാനെ അനുയോജ്യനെന്ന് പറഞ്ഞ ഗവാസ്‌ക്കർ നയിച്ച മൂന്ന് ടെസ്റ്റിൽ രണ്ടു വിജയം എന്നത് നിസ്സാരമല്ലെന്നും ചൂണ്ടിക്കാട്ടി.
ബൗളിംഗിലെ ഇന്ത്യൻ യുവനിരയുടെ ആക്രമണ വീര്യത്തെ ഗവാസ്‌ക്കർ എടുത്തുപറഞ്ഞു. മുഹമ്മദ് സിറാജും, ഷാർദ്ദുലും, ടി.നടരാജനും ഇന്ത്യക്ക് നൽകുന്നത് വലിയ പ്രതീക്ഷ. ഒപ്പം നാലാം ടെസ്റ്റിൽ ബാറ്റിംഗ് മികവ് കാണിച്ച വാഷിംഗ്ടൺ സുവന്ദറിനേയും ഷാർദ്ദൂൽ ഠാക്കൂറിനേയും ഗവാസ്‌ക്കർ പ്രശംസിച്ചു.















