ബാംബോലിം: കളിയുടെ 72-ാം മിനിറ്റ് വരെ മുന്നിൽ നിന്ന കരുത്തരായ ബംഗളൂരു എഫ്‌സിയെ 2-1ന് തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ അത്യുജ്ജല തിരിച്ചുവരവ്. 24-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയിലൂടെ ലീഡ് നേടിയ ബംഗളൂരുവിനെ 73-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ലാൽതാംഗയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പം പിടിച്ചു. വിസിലുയരാൻ ഒരു മിനുറ്റ് മാത്രം ശേഷിക്കെ മലയാളി താരം കെ.പി രാഹുൽ നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ മൂന്നാം വിജയം ഉറപ്പാക്കി.
മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരുവിനെതിരെ ഇറങ്ങിയത്. പുതുതാരം യുവാൻഡെ ലോപസ്, സന്ദീപ് സിംഗ്, കോസ്റ്റ നമോയിനെസു, ദെനചന്ദ്ര മീട്ടെയ് എന്നിവരായിരുന്നു പ്രതിരോധത്തിൽ. മധ്യനിരയിൽ സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമെസ്, ജീക്‌സൺ സിംഗ്, കെ.പി രാഹുൽ എന്നിവർ. മുന്നേറ്റത്തിൽ ജോർദാൻ മറെയും ഗാരി ഹൂപ്പറും. ഗോൾകീപ്പറായി ആൽബിനോ ഗോമെസ് തന്നെ. നാലു മാറ്റങ്ങളോടെയാണ് ബംഗളൂരു കളത്തിലിറങ്ങിയത്.
വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് 13 പോയിന്റായി. ഒരു പടി കൂടി മുന്നിൽ കയറി പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തെത്തി. തോൽവിയറിയാത്ത തുടർച്ചയായ മൂന്നാം മത്സരത്തിലൂടെ ഐഎസ്എൽ ചരിത്രത്തിൽ ബംഗളൂരുവിനെതിരായ രണ്ടാം ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചത്. സീസണിലെ ആദ്യപാദ മത്സരത്തിൽ ബംഗളൂരുവിനോട് ബ്ലാസ്‌റ്റേഴ്‌സ് 2-4ന് തോറ്റിരുന്നു. ജനുവരി 23ന് ജിഎംസി സ്‌റ്റേഡിയത്തിൽ ഗോവ എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം















