ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്‌ട്രപരമ്പരയ്‌ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്പരയാണ് നാളെ ചെന്നൈ ചിദംബരം സ്റ്റേഡിയ ത്തിൽ നടക്കുന്നത്. 11 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയിൽ അന്താരാഷ്‌ട്ര മത്സരം നടക്കുന്നത്. 2020 മാർച്ച് മാസം ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്കായി ഇന്ത്യയിലെത്തിയ നാളുകളിലാണ് ആഗോള തലത്തിൽ കൊറോണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.
ഓസീസിനെ അവരുടെ മണ്ണിൽ തകർത്ത ആത്മവിശ്വസത്തിലും പരിക്കുമാറി എല്ലാ സീനിയർ താരങ്ങളും കളിക്കിറങ്ങുന്നതും ഇന്ത്യയ്‌ക്ക് വലിയ കരുത്താണ് നൽകുക. എതിരാളികളായ ഇംഗ്ലണ്ട് ശ്രീലങ്കയെ അവരുടെ മണ്ണിൽ തകർത്ത ആത്മവിശ്വാസത്തിലാണ് ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തമായ ടീമായ ഇന്ത്യ ക്കെതിരെ ഇറങ്ങാൻ പോകുന്നത്.
രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഓപ്പണറാകുമെന്ന് തന്നെയാണ് സൂചന. മൂന്നും നാലും സ്ഥാനത്ത് അജിങ്ക്യാ രഹാനെയും ചേതേശ്വർ പൂജാരയും കളിക്കും. കോഹ്ലിക്ക് പിന്നാലെ ഓസീസ് മണ്ണിലെ ഹീറോ ഋഷഭ് പന്താണോ വൃദ്ധിമാൻ സാഹയാണോ കളിക്കുക എന്നതിൽ തീരുമാനം ആയിട്ടില്ല.
ബൗളിംഗിൽ നാലുപേരെയാണോ അതോ അഞ്ചുപേരെയാണോ പരീക്ഷിക്കുക എന്നതും ചർച്ചയാണ്. സ്പിന്നർമാരായി അശ്വിനും കുൽദീപ് യാദവും പേസ് ബൗളർമാരായി ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബുംറയും കളിക്കും. ബാറ്റിംഗ് കരുത്തി നായി ഹാർദ്ദിക് പാണ്ഡ്യയെ പരിഗണിച്ചാൽ കുൽദീപ് പുറത്തിരിക്കേണ്ടി വരും.
ഇംഗ്ലീഷ് നിരയിൽ ക്വ്രാളിയുടെ അഭാവത്തിൽ റോറി ബേൺസും ഡോമിനിക് സിബ്ലിയും ഓപ്പൺ ചെയ്യും. നായകൻ ജോ റൂട്ടിനൊപ്പം ബെൻ ഫോക്‌സ്, ഡാൻ ലോറൻസ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ മദ്ധ്യനിര കാക്കും. ജൊഫ്രാ ആർച്ചറാണ് ഇംഗ്ലീഷ് ബൗളിംഗ് കുന്തമുനയാകുക. എന്നാൽ സീനിയർ താരം ജെയിംസ് ആൻഡേഴ്‌സണിനോ സ്റ്റുവർട്ട് ബ്രോഡിനോ നറുക്കു വീഴാം. മോയിൻ അലി സ്പിന്നറെന്ന നിലയിൽ ഇടംപിടിച്ചാൽ ജോം ബെസ്സിനോ ജാക് ലീച്ചിനോ നറുക്കു വീഴും.















