ദോഹ* ഖത്തറിലെ ജീവകാരുണ്യ മേഖലയില്‍ പുനര്‍ജനി നടത്തുന്ന സ്തുത്യര്‍ഹ
സേവനങ്ങള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ(എച്ച്എംസി) അംഗീകാരം.
മികച്ച സാമൂഹ്യ സേവന സംഘടനക്കുള്ള എച്ച്എംസി പുരസ്കാരം പുനര്‍ജനിക്കു
ലഭിച്ചതിനു പുറമേ മികച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കുള്ള വ്യക്തിഗത
പുരസ്കാരത്തിന് പുനര്‍ജനിയുടെ അമരക്കാരായ ഗോവിന്ദ് പാലക്കത്ത്,
വിശ്വനാഥന് എന്നിവരും അര്‍ഹരായി. എച്ച്എംസി ഡയറക്ടറും ജീറിയാട്രിക്
വിഭാഗം ചെയര്‍പേഴ്സണുമായ ഡോ. ഹനാദി അല്‍ ഹമദില്‍ നിന്ന് ഇരുവരും
പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ എംബസിക്കു കീഴില്‍
ഖത്തറിലെ സാമൂഹ്യ സേവന മേഖലയില്‍ ഇടപെടുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി
ബെനവൊലന്റ് ഫോറ(ഐസിബിഎഫ്)ത്തില്‍ രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പുനര്‍ജനി. സംഘടനയ്ക്കുള്ള
പുരസ്കാരത്തിന് പുനര്‍ജനിയും വ്യക്തിഗത പുരസ്കാരത്തിന് തങ്ങള്‍
ഇരുവരും അര്ഹരായെന്നത് ഏറെ സന്തോഷം പകരുന്നതായി ഗോവിന്ദും വിശ്വനാഥനും
പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറിലേറെ രോഗികളെയാണ്
തുടര്‍ചികിത്സയ്ക്കായി ഇന്ത്യന്‍ എംബസിയുടേയും ഐസിബിഎഫിന്റെയും
സഹകരണത്തോടെ പുനര്‍ജനി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചത്.
അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വിമാനത്തില്‍ വെന്റിലേറ്ററും
മെഡിക്കല്‍ സംഘത്തിന്റെ സഹായവും ഉറപ്പാക്കിയാണ് ദോഹയില്‍ നിന്ന്
ജന്മനാടുകളിലേക്ക് എത്തിച്ചത്. ദീര്‍ഘകാലം ശയ്യാവലംബികളായ രോഗികളെ
ബന്ധുക്കള്‍ക്കരികില്‍ എത്തിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഏറെ
ചാരിതാര്‍ഥ്യവും സന്തോഷവും പകര്‍ന്നതായി ഇരുവരും പറഞ്ഞു.
പുനര്‍ജനി പ്രസിഡന്റ് രാജീവ് മേനോൻ, സെക്രട്ടറി രാജേഷ് മാങ്കോട് എന്നിവരും പുരസ്കാര
സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
Comments