ചെന്നൈ: വാലറ്റത്ത് വാഷിംഗ്ടൺ സുന്ദറും അശ്വിനും നടത്തിയ ഗംഭീര ചെറുത്തുനിൽപ്പിൽ ടീം ഇന്ത്യ 337ൽ പുറത്ത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. അശ്വിന്റെ പന്തിൽ റണ്ണെടുക്കും മുന്നേ ബേൺസ് പുറത്തായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ റൺസെടുക്കാതെ സിബ്ലേയും ലോറൻസുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന് 242 റൺസിന്റെ ലീഡാണുള്ളത്.
ഫോളോ ഓൺ ഒഴിവാക്കാൻ 379 വേണമെന്നിരിക്കേ ഇന്ത്യയെ ബാറ്റിംഗിന് വിടാതെ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗിസിൽ വാലറ്റം കരുതലോടെ ബാറ്റ് വീശിയതാണ് ഇന്ത്യയെ മുന്നൂറ് കടത്തിയത്. മികച്ച അർദ്ധ സെഞ്ച്വറിയോടെ വാഷിംഗ്ടൺ സുന്ദർ(85) ഇന്ത്യയുടെ വിശ്വസ്തനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഒപ്പം സീനിയർ താരമെന്ന എല്ലാ ഉത്തര വാദിത്വവും ഏറ്റെടുത്ത് രവിചന്ദ്ര അശ്വിനും 31 റൺസുമായി സുന്ദറിന് മികച്ച പിന്തുണ നൽകി.
മൂന്നാം ദിനം ആറു വിക്കറ്റിന് 257 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം കളി പുനരാരംഭിച്ചത്. രാവിലെ 80 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും നേടിയശേഷമാണ് പിരിഞ്ഞത്. മികച്ച ഇന്നിംഗ്സാണ് വാഷിംഗ്ടൺ സുന്ദർ ഏഴാമതായി ഇറങ്ങി കാഴ്ചവെച്ചത്.
ഓസീസിനെതിരെ നിർണ്ണായക ബാറ്റിംഗ് പുറത്തെടുത്ത് ഗാബയിൽ ചരിത്രം കുറിച്ച സുന്ദറിന്റെ മറ്റൊരു മനോഹരമായ ഇന്നിംഗ്സാണ് ചെപ്പോക്കിൽ കണ്ടത്. ബ്രിസ്ബെയിൻ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സുന്ദറും(62) ഷാർദ്ദൂലും(67) നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് പരമ്പര ജയത്തിന് നിർണ്ണായകമായത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ വാലറ്റത്തിന്റെ തകർച്ച പിടിച്ചു നിർത്തി ഋഷഭ് പന്തിന് പിന്തുണയുമായി 22 റൺസ് നേടി സുന്ദർ ടീമിന്റെ വിശ്വസ്തനായി.















