ചെന്നൈ: ചെപ്പോക്കിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്. സ്വന്തം കാണികൾക്ക് മുന്നിൽ സെഞ്ച്വറി നേടിയ രവിചന്ദ്രൻ അശ്വിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ് അശ്വിൻ ചെന്നൈയിൽ സ്വന്തമാക്കിയത്.
മുൻനിര താരങ്ങൾ ഓരോരുത്തരായി കൂടാരം കയറിയപ്പോൾ നായകൻ വിരാട് കോഹ്ലിക്കൊപ്പം നിന്ന് പൊരുതിയാണ് അശ്വിൻ മൂന്നക്കം കടന്നത്. 149 പന്തുകൾ നേരിട്ട കോഹ്ലി 62 റൺസുമായാണ് മടങ്ങിയത്. പിന്നാലെ എത്തിയ ഋഷഭ് പന്തിനും(8) അജിങ്ക്യ രഹാനെയ്ക്കും(10) പിടിച്ചുനിൽക്കാനായില്ല. അക്സർ പട്ടേലും(7) കുൽദീപ് യാദവും(3) ഇഷാന്ത് ശർമ്മയും(7) മടങ്ങിയിട്ടും അശ്വിൻ ഒരറ്റത്ത് ഉറച്ചുനിന്നു. വാലറ്റത്ത് മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിൻ സെഞ്ച്വറിയടിച്ചത്.
അശ്വിന്റെ പ്രകടത്തോടെ ഇന്ത്യയുടെ ലീഡ് 500ലേയ്ക്ക് അടുക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 284 റൺസെന്ന നിലയിലാണ്. നിലവിൽ ഇന്ത്യയ്ക്ക് 481 റൺസിന്റെ ലീഡ് ഉണ്ട്. 104 റൺസുമായി അശ്വിനും 16 റൺസുമായി സിറാജുമാണ് ക്രീസിൽ.















