സേലം: തമിഴ്‌നാട്ടിലെ ഹിന്ദുക്കളുടേതായ എല്ലാ വികാരങ്ങളേയും ചവിട്ടിമെതിക്കുന്ന ഡി.എം.കെയെ തോൽപ്പിക്കണമെന്ന് തേജസ്വി സൂര്യ. ഡി.എം.കെയെ ഹിന്ദുവിരുദ്ധരെന്നാണ് യുവമോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷൻ വിശേഷിപ്പിച്ചത്. എം.കെ.സ്റ്റാലിന്റെ പാർട്ടിയെ തോൽപ്പിക്കേണ്ടത് ഹിന്ദു നിലനിൽപ്പിന് ആവശ്യമാണെന്നും തേജസ്വി തുറന്നടിച്ചു. ഇന്ന് ഇന്ത്യയിൽ പ്രാദേശിക സംസ്‌കാരങ്ങളേയും ഭാഷയേയും സംസ്‌കാരത്തേയും മാനിക്കുന്ന ഏക പാർട്ടി ബി.ജെ.പിയാണെന്നും ദേശീയ യുവ നേതാവ് പറഞ്ഞു.
ഡി.എം.കെ പ്രതിനിധാനം ചെയ്യുന്നത് ഏറ്റവും നിചമായ ചിന്തകളും ആശയങ്ങളുമാണ്. അവയെല്ലാം ഹിന്ദുവിരുദ്ധവുമാണ്. എപ്പോഴൊക്കെ അധികാരത്തിൽ വന്നിരുന്നോ അപ്പോഴെല്ലാം ഹിന്ദു സമൂഹത്തെ ഉപദ്രവിക്കും. അധികാരത്തിൽ നിന്നിറങ്ങിയാൽ അതേ ഹിന്ദുവിന്റെ വോട്ട് ചോദിച്ച് ചെല്ലും. ഇതാണ് ഡി.എം.കെയുടെ തന്ത്രമെന്നും തേജസ്വിസൂര്യ പറഞ്ഞു.
തമിഴ്‌നാട്ടിലെ ഓരോ വ്യക്തിയും ഹിന്ദുവായതിൽ അഭിമാനിക്കുന്നവരാണ്. ഇന്ത്യയിൽ ഏറ്റവും അധികം ക്ഷേത്രങ്ങളുള്ള പുണ്യഭൂമിയാണ് തമിഴ്‌നാട്. ഇവിടുത്തെ ഓരോ ഇഞ്ചും പവിത്രമാണ്. എന്നാൽ ഡി.എം.കെ തികച്ചും ഹിന്ദുവിരുദ്ധമാണ്. അവരെ തോൽപ്പിച്ചേ മതിയാകൂവെന്നും തേജസ്വി സൂര്യ പറഞ്ഞു.
ബി.ജെ.പി തമിഴ്‌സംസ്‌കാരത്തേയും തമിഴ് ഭാഷയേയും ബഹുമാനിക്കുന്ന പാർട്ടിയാണ്. തമിഴ് സംസ്‌കാരം നിലനിൽക്കേണ്ടത് ഹിന്ദുവിന്റെ ജയത്തിനും കരുത്തിനും അത്യന്താപേക്ഷിതമാണെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.















