അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് പിഴച്ചു. ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 112 റൺസിന് എല്ലാവരും പുറത്തായി. 6 വിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേലിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്.
ഇംഗ്ലണ്ട് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണർ സാക്ക് ക്രൗളി അർദ്ധ സെഞ്ച്വറി (53) നേടി. നായകൻ ജോ റൂട്ടിന് 17 ഉം ജോഫ്ര ആർച്ചറിന് 11 റൺസും നേടാനെ സാധിച്ചുള്ളൂ. 12 റൺസ് നേടിയ ബെൻ ഫോക്‌സ് പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും അക്ഷർ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. അക്ഷർ പട്ടേലിന് പുറമെ രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റും 100-ാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമ്മ 1 വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യക്കു വേണ്ടി രോഹിതും ശുഭ്മാൻ ഗില്ലുമാണ് ഇന്നിംഗ്‌സ് ഓപ്പണൺ ചെയ്യുക. മദ്ധ്യനിരയിൽ ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനേ, ഋഷഭ് പന്ത് എന്നിവരുണ്ട്. ആർ.അശ്വിനും അക്ഷർ പട്ടേലിനുമൊപ്പം വാഷിംഗ്ടൺ സുന്ദറും ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബൂമ്രയുമാണ് ബൗളിംഗ് നിരക്ക് നേതൃത്വം നൽകുന്നത്.















