ജമൈക്ക: മൊട്ടേരാ പിച്ചിനെ അനുകൂലിച്ച് കൂടുതൽ വിദേശതാരങ്ങൾ രംഗത്ത്. ക്രിക്കറ്റ് ഇതിഹാസം വെസ്റ്റിൻഡീസിന്റെ വിവ് റിച്ചാർഡ്സാണ് മൊട്ടേര പിച്ചിനെ പിന്തുണച്ച് രംഗത്തെത്തിയത്. പിച്ചിനെയല്ല പഴിക്കേണ്ടത് മറിച്ച് ഇരുടീമുകളുടേയും ബാറ്റ്സ്മാൻമാർ നന്നായി കളിക്കണമായിരുന്നുവെന്നാണ് വിവിന്റെ മറുപടി.
ആദ്യം ടെസ്റ്റ് മത്സരമാണ് കളിക്കുന്നതെന്ന് ഇരുടീമുകളുടേയും ബാറ്റ്സ്മാന്മാർ സ്വയം തിരിച്ചറിയണം. കളിക്കാരുടെ ബുദ്ധിയും മനസ്സാന്നിദ്ധ്യവും പരീക്ഷിക്കപ്പെടുന്ന മത്സരമാണ് ടെസ്റ്റ്. അതുപോലെ ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്കാണ് വരുന്നതെന്ന് ഓർക്കണമായിരുന്നു. ആദ്യ ടെസ്റ്റ് ആനായാസം ജയിച്ച ഇംഗ്ലണ്ടിന് അടുത്ത ടെസ്റ്റിൽ ബാറ്റിംഗ് തകർച്ച നേരിട്ടതിൽ ഖേദിക്കാനവകാശമില്ലെന്നും വിവ് റിച്ചാർഡ്സ് പറഞ്ഞു.
ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വിസ്ഫോടന ശേഷിയുള്ള ബാറ്റ്സ്മാനായിരുന്നു വിവ് റിച്ചാർഡ്സ്. ബൗളർമാരുടെ പേടി സ്വപ്നമായിരുന്ന താരം ലോകത്തിലെ എല്ലാ പിച്ചുകളിലും ഒരുപോലെ തിളങ്ങിയ അസാമാന്യ പ്രതിഭയായിരുന്നു.















