റായ്പൂർ : മൈതാനങ്ങളെ കിടിലം കൊള്ളിച്ച സ്വതസിദ്ധമായ വീരു സ്റ്റൈൽ ബാറ്റിംഗിനെ അക്കാലത്ത് കമന്റേറ്റർമാർ സ്ഥിരമായി വിശേഷിപ്പിച്ചത് സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്നായിരുന്നു. ബാറ്റിംഗിൽ കോപ്പി ബുക്ക് സ്റ്റൈൽ പിന്തുടരാതെ ക്രിക്കറ്റിൽ ഉയരങ്ങൾ കീഴടക്കിയ മറ്റൊരു ബാറ്റ്സ്മാനുണ്ടോയെന്ന് സംശയമാണ്. കൃത്യമായ കണ്ണ്- കൈ സമന്വയത്തിലൂടെയായിരുന്നു വീരുവിന്റെ ബാറ്റിംഗ്. അതിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇന്നലെ റായ്പൂരിൽ ബംഗ്ലാദേശ് ലെജൻഡിനെതിരെ പുറത്തെടുത്ത കിടിലൻ ഇന്നിംഗ്സ്.
റോഡ് സേഫ്റ്റി 20-20 സീരീസിൽ 35 പന്തിൽ എൺപതു റൺസാണ് വീരേന്ദർ സേവാഗ് ഇന്നലെ അടിച്ചു കൂട്ടിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തെ ഓർമ്മപ്പെടുത്തി വീരുവിന് കൂട്ടായുണ്ടായത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും. ബംഗ്ലാദേശ് മുന്നോട്ടു വച്ച 110 റൺസ് വിജയ ലക്ഷ്യം വെറും പത്ത് ഓവറിലാണ് ഇരുവരും ചേർന്ന് മറികടന്നത്. പെട്ടെന്ന് കളി തീർക്കാൻ സച്ചിൻ പറഞ്ഞെന്നും അതിനനുസരിച്ചാണ് അടിച്ചു തകർത്തതെന്നുമാണ് സേവാഗ് കളിക്ക് ശേഷം പറഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജൻഡ് 19.4 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ പ്രഗ്യാൻ ഓജയും യുവരാജ് സിംഗുമാണ് ബൗളിംഗിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വീരുവും സച്ചിനും ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിച്ചതോടെ ബംഗ്ലാദേശ് ബൗളർമാർ നന്നായി തല്ലുവാങ്ങിക്കൂട്ടി. 35 പന്തിൽ 5 കൂറ്റൻ സിക്സറുകളും പത്ത് ബൗണ്ടറികളുമായി വീരു എൺപത് റൺസ് അടിച്ചു കൂട്ടിയപ്പോൾ 26 പന്തിൽ അഞ്ച് മനോഹരമായ ബൗണ്ടറികൾ നേടി 32 റൺസെടുത്ത് സച്ചിനും പിന്തുണ നൽകി.
ലോക ക്രിക്കറ്റിനെ ആവേശം കൊള്ളിച്ച ക്രിക്കറ്റ് മഹാരഥന്മാരെ പ്രായമോ സാഹചര്യങ്ങളോ തളർത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മനോഹര ഇന്നിംഗ്സുകളായിരുന്നു അത്.
Comments