മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസൺ ഏപ്രിൽ ഒൻപതിന് ആരംഭിക്കും. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഉദ്ഘാടന മത്സരത്തിൽ രോഹിത് ശർമ്മ നയിക്കുന്ന നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുകയെന്നും കാണികളെ അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ ആറ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ടീമുകൾക്ക് ഹോം സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഉണ്ടാവില്ലെന്നും ബിസിസിഐ അറിയിച്ചു. മേയ് 30ന് അഹമ്മദാബാദിൽ വച്ചാണ് ഫൈനൽ പോരാട്ടം. പ്ലേ ഓഫ് മത്സരങ്ങൾ മേയ് 25, 26, 28 തീയതികളിൽ നടക്കും. ഈ മത്സരങ്ങൾക്കും അഹമദാബാദ് വേദിയാകും.
ഓരോ ടീമും നാല് വേദികളിൽ കളിക്കും. 56 ലീഗ് മത്സരങ്ങളിൽ ചെന്നൈ, മുംബൈ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ പത്ത് വീതം മത്സരങ്ങൾ നടക്കുമ്പോൾ ഡൽഹിയിലും അഹമ്മദാബാദിലും എട്ട് വീതം മത്സരങ്ങൾ നടക്കും.















