ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരി ശക്തിയെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് വനിത ദിനാശംസകൾ അറിയിച്ചപ്പോൾ സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നതിലുളള സന്തോഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെ പങ്കുവച്ചു.
അന്താരാഷ്ട്ര വനിത ദിനത്തിൽ നാരി ശക്തിയെ വന്ദിക്കുന്നു എന്നും ഭാരത സ്ത്രീകളുടെ വളർച്ചയിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവർത്തത്തിക്കാൻ തന്റെ സർക്കാരിന് അവസരം ലഭിച്ചതിലുളള സന്തോഷവും പ്രധാനമന്ത്രി പങ്കുവെച്ചു.
സ്ത്രീശക്തീകരണവും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. നമ്മുടെ നാട്ടിലെ സ്ത്രീകൾ വിവിധ മേഖലയിൽ നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കുന്നതെന്നും സ്ത്രീ പുരുഷ അസമത്വത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments