ലോകത്തെ വികസിത രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു രാജ്യമാണ് യുഎസ്എ. എങ്കിലും രാജ്യത്തിന്റെ പല കോണുകളിലായി സംഭവിക്കുന്ന വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ പലപ്പോഴും ഈ രാജ്യത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്.
സൈക്ലോണുകള്‍, ഹരികെയ്നുകള്‍, ടൊര്‍ണാഡോ തുടങ്ങി വിവിധ തരത്തിലുള്ള ചുഴലിക്കാറ്റുകള്‍ രാജ്യത്ത കടന്നു പിടിച്ചിട്ടുണ്ട്. എന്നാല്‍ ട്വിസ്റ്റര്‍ എന്നു കൂടി അറിയപ്പെടുന്ന ടൊര്‍ണാഡോ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. 1925 ല്‍ രാജ്യം നേരിടേണ്ടി വന്നത് ടൊര്‍ണാഡോയുടെ രൂക്ഷ ഭാവത്തെയാണ്. തൊണ്ണൂറ്റി ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാര്‍ച്ച് 18 ന് രാജ്യം സാക്ഷ്യം വഹിച്ചത് അത്തരമൊരു ദുരന്തത്തിനായിരുന്നു.
ഫണല്‍ രൂപത്തില്‍ ഭ്രമണം ചെയ്തു കൊണ്ട് സഞ്ചരിക്കുന്ന വളരെ തീക്ഷണ സ്വഭാവമുള്ള ട്വിസ്റ്റര്‍ എന്നറിയപ്പെടുന്ന ഈ ചുഴലി യുഎസിനെ ആകമാനം പിടിച്ചു കുലുക്കി. ഇലിനോയ്, ഇന്‍ഡ്യാന എന്നീ സംസ്ഥാനങ്ങളെ ആകെ തകിടം മറിച്ചു ഈ വന്‍ ചുഴലി. ഫുജിറ്റ സ്കെയിലില്‍ എഫ് 5 എന്ന വിഭാഗത്തിലാണ് ഈ ചുഴലിക്കാറ്റിന്റെ തീവ്രത അടയാളപ്പെടുത്തിയത്. ഇരുന്നൂറ്റി ഒന്‍പത് മിനിറ്റുകളോളം നീണ്ടു നിന്ന ഈ ചുഴലി മൂന്നൂറ്റി ഇരുപത് കിലോമീറ്ററുകളോളം സഞ്ചരിച്ചപ്പോള്‍ നഷ്ടമായത് അറുനൂറ്റി തൊണ്ണൂറ്റിയഞ്ച് ജീവനാണ്.
കൂടാതെ 13000 പേര്‍ക്ക് പരുക്കുകളും സംഭവിച്ചു. അവിടം തരിശായി. വീടുകളും കെട്ടിടങ്ങളുമെല്ലാം നിലംപൊത്തി. എല്ലാം പൊടികള്‍ മാത്രമായി പറന്നുയര്‍ന്നു. വാഹനങ്ങള്‍ ചിന്നിച്ചിതറി. ഇത്രയധികം നാശം വിതച്ച, തീവ്രതയുള്ള ഒരു ചുഴലി ഇതിനു മുന്‍പോ ശേഷമോ ഇതുവരെ ലോകത്തെവിടെയും സംഭവിച്ചിട്ടില്ല. വൈകുന്നേരം ആയതോടു കൂടി ചുഴലിക്കാറ്റ് ശാന്തമായി. എന്നാല്‍ ഇതോടെ യുഎസിന് നേരിടേണ്ടി വന്നത് വന്‍ സാമ്പത്തിക നഷ്ടമായിരുന്നു.
Comments