കറാച്ചി: 2023ൽ ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്താനിലെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും ടീം ഇന്ത്യ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാക് ക്രിക്കറ്റ് ബോർഡ് തലവൻ എഹ്‌സാൻ മാനി പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് എഹ്‌സാൻ മാനിയുടെ പ്രതികരണം.
അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഇരുരാജ്യങ്ങളും മുന്നോട്ടുപോകേണ്ട സമയമാണിതെന്ന് പാകിസ്താൻ ആർമി ചീഫ് ജനറൽ ഖമാർ ജാവേദ് ബജ്വ അടുത്തിടെ പറഞ്ഞിരുന്നു. ഇസ്ലാമാബാദ് സെക്യൂരിറ്റി ഡയലോഗിലായിരുന്നു ബജ്‌വയുടെ പ്രതികരണം. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. 2023ലെ ഏഷ്യാ കപ്പിന് ആതിഥ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ.
2009ൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപം ശ്രീലങ്കൻ താരങ്ങൾ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്ത് പാകിസ്താൻ ഒറ്റപ്പെട്ടത്. 2013ലാണ് പാകിസ്താൻ അവസാനമായി ഇന്ത്യയിൽ ഒരു പരമ്പര കളിച്ചത്. ദ്രാവിഡ് നായകനായിരുന്ന 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത്.















