അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. നിർണായകമായ അവസാന ട്വന്റി20യിൽ 36 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കി.
നിശ്ചിത 20 ഓവറിൽ 225 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ രണ്ടാം പന്തിൽ തന്നെ സന്ദർശകർക്ക് പിഴച്ചു. ഭുവനേശ്വർ കുമാറിനെ കടന്നാക്രമിക്കാൻ ശ്രമിച്ച ജേസൺ റോയിയുടെ കുറ്റി തെറിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് മലാൻ-ജോസ് ബട്‌ലർ സഖ്യം ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. മലാൻ 68 റൺസും ബട്‌ലർ 52 റൺസും നേടി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റൺസാണ് കൂട്ടിച്ചേർത്തത്.
മധ്യനിരയിൽ ജോണി ബെയർ സ്‌റ്റോയും(7), ഇയൻ മോർഗനും(1) ബെൻ സ്‌റ്റോക്‌സും(14) പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി ശാർദ്ദുൽ ഠാക്കൂർ 4 ഓവറിൽ 45 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വർ കുമാർ 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും ഹാർദ്ദിക് പാണ്ഡ്യ, തംഗരശു നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.















