ദുബായ്: ദീർഘനാളത്തെ ഇടവേളയ്‌ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ ഇന്ത്യൻ ഫുട്‌ബോൾ ടീമിന് വിജയതുല്യമായ സമനില. കരുത്തരായ ഒമാനെയാണ് ഇന്ത്യ സമനിലയിൽ തളച്ചത്. നിശ്ചിത സമയം ഇരു ടീമുകളും ഓരോ ഗോൾ വീതം സ്‌കോർ ചെയ്തു.
ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ സെൽഫ് ഗോളിലൂടെയാണ് ഒമാൻ ലീഡ് നേടിയത്. അരങ്ങേറ്റക്കാരൻ ചിങ്‌ലെൻസാന സിംഗിന് സംഭവിച്ച പിഴവ് മത്സരത്തിന്റെ ഫലം നിർണയിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചെങ്കിലും തോറ്റുകൊടുക്കാൻ ഇന്ത്യയുടെ ചുണക്കുട്ടികൾ തയ്യാറായിരുന്നില്ല. രണ്ടാം പകുതിയിൽ മൻവീർ സിംഗിലൂടെ ഇന്ത്യയുടെ മറുപടി ഗോൾ എത്തി. 55-ാം മിനിട്ടിൽ ബിപിൻ സിംഗിന്റെ ക്രോസ് ഹെഡറിലൂടെയാണ് മൻവീർ ഗോളാക്കി മാറ്റിയത്.
ഇന്ത്യ സമനില പിടിച്ചതോടെ ഒമാൻ ആക്രമിച്ചു കളിച്ചു. എന്നാൽ ഇന്ത്യൻ പ്രതിരോധത്തെയും ഗോൾ കീപ്പർ അമരീന്ദറിനെയും മറികടക്കാൻ ഒമാൻ മുന്നേറ്റ നിരയ്‌ക്ക് സാധിച്ചില്ല. 63-ാം മിനിട്ടിലും 67-ാം മിനിട്ടിലും ഇന്ത്യൻ ഗോൾ വല ലക്ഷ്യമാക്കിയെത്തിയ രണ്ട് ഷോട്ടുകളാണ് അമരീന്ദർ തട്ടിയകറ്റിയത്. 2019 നവംബറിലാണ് ഇന്ത്യ അവസാനമായി ഒരു മത്സരം കളിച്ചത്. ഒമാനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ 82-ാം മിനിട്ട് വരെ ലീഡ് ചെയ്ത ശേഷം ഇന്ത്യ മത്സരം കൈവിട്ടിരുന്നു.















