പാരിസ്: സമൂഹ മാദ്ധ്യമങ്ങൾ ഒഴിവാക്കുകയാണെന്ന് മുൻ ഫ്രാൻസ് ഫുട്‌ബോൾ താരവും ആഴ്‌സണൽ ഇതിഹാസവുമായ തിയറി ഹെൻറി. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വംശീയ അധിക്ഷേപങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിഷേധ സൂചകമായാണ് ഹെൻറി സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വംശീയ അധിക്ഷേപങ്ങളും മറ്റ് തരത്തിലുള്ള ആക്ഷേപങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ ഇവ നിയന്ത്രിക്കാൻ സമൂഹ മാദ്ധ്യമങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹെൻറി ആവശ്യപ്പെട്ടു. മാർക്കസ് റാഷ്‌ഫോർഡ്, ആന്റണി മാർഷ്യാൽ, എയ്ക്‌സെൽ തുവാൻസെബെ, റീസെ ജയിംസ്, അലെക്‌സ് ജാൻകെവിറ്റ്‌സ് എന്നീ ഫുട്‌ബോൾ താരങ്ങൾ സമീപകാലത്ത് വലിയ രീതിയിലുള്ള വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു.
വംശീയ അധിക്ഷേപവും മറ്റ് ആക്ഷേപങ്ങളും കാരണം വ്യക്തികൾക്ക് വലിയ രീതിയിലുള്ള മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ അക്കൗണ്ട് നിർമ്മിക്കുക എന്നത് വളരെ നിസാരമായ കാര്യമാണ്. ഇവ ഉപയോഗിച്ച് വ്യക്തികളെ ആക്ഷേപിക്കുകയും ശല്യം ചെയ്യുകയും ചെയ്ത ശേഷം അജ്ഞാതനായി തുടരാം. ഇതിൽ മാറ്റം ഉണ്ടാകുന്നതുവരെ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും മാറ്റം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹെൻറി ട്വിറ്ററിൽ കുറിച്ചു.















