ബംഗളൂരു: ഏറ്റവും കടുപ്പമേറിയ മേഖല തെരഞ്ഞെടുത്തുകൊണ്ട് സാഹസിക മാരത്തണിനായി ഒരു താരം. നാല് അതി ദുർഘടമായ മരുഭൂമികൾ താണ്ടിയുള്ള മാരത്തണിനാണ് ഇന്ത്യൻ ദീർഘദൂര ഓട്ടതാരം തയ്യാറെടുക്കുന്നത്. കർണ്ണാട കയിലെ ബംഗളൂരു സ്വദേശിയായ തഹർ മെർച്ചെന്റാണ് 250 കിലോമീറ്റർ ദൂരം താണ്ടാൻ പോകുന്നത്. ഈ വർഷം നവംബർ 26മുതലാണ് മാരത്തൺ ആരംഭിക്കുന്നത്.
ജീവിതസാഹചര്യം മൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത കുട്ടികളെ സഹായി ക്കാനാണ് തഹറിന്റെ ഓട്ടം. എട്ടു കോടിയോളം കുട്ടികളെ സഹായിക്കാനാണ് തഹറിന്റെ പരിശ്രമം. മുപ്പത്തെട്ടുകാരനായ തഹർ രണ്ടുകുട്ടികളുടെ പിതാവും സ്ഥിരം മാരത്തൺ കായികതാരവുമാണ്. ഒരു വർഷത്തിനുള്ളിൽ നാല് മരുഭൂമികളിലൂടെ 250 കിലോ മീറ്റർ താണ്ടാനാണ് തഹർ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ 75 പേരിൽ താഴെ മാത്രമേ ഇത്തരം സാഹസികമായ ദൂരങ്ങൾ താണ്ടിയിട്ടുള്ളു.
ലോകത്തിലെ ഏറ്റവും മനോഹരവും അതേ സമയം അപകടം നിറഞ്ഞതുമായ മരുഭൂപ്രദേശങ്ങളിലൂടെയാണ് 250 കിലോമീറ്റർ പൂർത്തിയാക്കേണ്ടത്. നമീബിയയിലെ നാമിബ് റേസ്, മംഗോളിയയിലെ ഗോബി മാർച്ച്, ചിലിയിലെ അറ്റക്കാമ ക്രോസിംഗ്, അന്റാർട്ടിക്കയിലെ ദ ലാസ്റ്റ് ഡസേർട്ട് എന്നിവ ചേരുന്ന മാരത്തണാണിതെന്നും തഹർ വ്യക്തമാക്കി. ഓരോ ഘട്ടങ്ങളും ഏഴു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുക എന്നതും മത്സരത്തിലെ നിബന്ധനയിലൊന്നാണ്.















