മനുഷ്യരെക്കാള്‍ നന്ദി മൃഗങ്ങള്‍ക്കാണ് എന്ന് നമ്മള് പൊതുവേ പറയാറുണ്ട്. എന്നാല്‍ അത് വെറും പറച്ചില് മാത്രമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു ആന. നമ്മളെ ചികിത്സിച്ച ഡോക്ടറെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടാല്‍ ചിലപ്പോള്‍ നമുക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ തന്റെ ജീവന് രക്ഷിച്ച ഡോക്ടറെ ഒരിക്കലും മറന്നു കളയാന്‍ തയ്യാറല്ല ഈ ആന. തായ് ലാൻഡിലെ കാട്ടിലാണ് ആരേയും അത്ഭുതപ്പെടുത്തിയ ഈ സംഭവം നടന്നത്. പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാനായിട്ടാണ് ഡോക്ടറും സംഘവും കാട്ടിലെത്തുന്നത്. എന്നാല്‍ അവര്‍ക്ക് നേരെ ഒരു കൊമ്പന് പാഞ്ഞടുക്കുകയായിരുന്നു. കൊമ്പന് അടുത്തു വരുന്നത് കണ്ട് എല്ലാവരും പേടിച്ചു.
എന്നാല്‍ ഡോക്ടറുടെ അടുത്തെത്തിയ ആന തുമ്പിക്കൈ കൊണ്ട് ഡോക്ടറെ ആലിംഗനം ചെയ്തു. ആദ്യം ഒന്ന് സംശയിച്ചു നിന്നെങ്കിലും ഡോക്ടര്‍ പിന്നീട് ആനയെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടറുടെ സംഘത്തില്‍ ആര്‍ക്കും ഇത് എന്താണെന്ന് പിടികിട്ടിയില്ല. പെട്ടെന്ന് കാട്ടില്‍ കാണുന്ന ഒരു ആനക്ക് ഡോക്ടറോട് ഇത്ര ഇണക്കം എന്താണെന്ന് അവര്‍ ആലോചിച്ചു. കാരണം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ആനയെ മരണത്തില്‍ നിന്നും രക്ഷിച്ചത് ഈ ഡോക്ടറാണ്.
സ്ലീപ്പിങ് സിക്ക്നെസ് എന്ന അസുഖം ബാധിച്ചാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഈ ആനയെ ഡോക്ടര്‍ക്കു മുന്നില്‍ എത്തിക്കുന്നത്. മരണത്തോട് മല്ലിട്ട് കഴിഞ്ഞിരുന്ന ഈ ആനയെ മാസങ്ങളോളം പൂര്‍ണ്ണമായി പരിചരിച്ചു. അസുഖം മാറ്റിയെടുത്ത് പൂര്‍ണ ആരോഗ്യവാനായ ശേഷമാണ് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചത്. വര്‍ഷങ്ങള്‍ പന്ത്രണ്ട് കഴിഞ്ഞെങ്കിലും അതിനു ശേഷം തമ്മില്‍ ഇപ്പോഴാണ് കാണുന്നത്. ദൂരത്തു നിന്നു തന്നെ ആന ഡോക്ടറെ തിരിച്ചറിഞ്ഞെങ്കിലും ഡോക്ടര്‍ക്ക് ആദ്യം മനസിലായില്ല. അടുത്ത വന്ന ശേഷമാണ് മനസ്സിലായത്.
Comments