മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് എല്ലാവരും പുറത്തായി. ശിഖർ ധവാൻ, ഋഷഭ് പന്ത്, ഹർദ്ദിക് പാണ്ഡ്യ എന്നിവർ അർദ്ധ സെഞ്ച്വറി നേടി.
ഓപ്പണർമാരായ രോഹിത് ശർമ്മയും(37) ശിഖർ ധവാനും(67) ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് നേടി. മൂന്നാമനായി ക്രീസിലെത്തിയ നായകൻ വിരാട് കോഹ്‌ലിയ്‌ക്കും കെ.എൽ രാഹുലിനും 7 റൺസ് വീതം നേടാനെ സാധിച്ചുള്ളൂ. 62 പന്തിൽ 5 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 78 റൺസ് എടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 44 പന്തിൽ 64 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ പന്തിന് ഉറച്ച പിന്തുണ നൽകി.
ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് 7 ഓവറിൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തി. ആദിൽ റഷീദ് രണ്ടും സാം കറൻ, റീസെ ടോപ്‌ലെ, ബെൻ സ്റ്റോക്‌സ്, മൊയീൻ അലി, ലിയാം ലിംവിംഗ്‌സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 3 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്.















