ആലപ്പുഴ: യുഡിഎഫ് ഐതിഹാസികമായ വിജയം നേടാൻ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ച് വർഷം കൊണ്ട് കേരളത്തെ തർത്ത് തരിപ്പണമാക്കിയ ഇടത് സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി വിധിയെഴുതാൻ പോകുന്ന തെരഞ്ഞെടുപ്പായാണ് തങ്ങൾ ഇതിനെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന് വലിയ സ്വീകാര്യതയുണ്ടായ കാലഘട്ടമാണിത്. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. യുഡിഎഫ് തരംഗം അലയടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യത്തിന് വലിയ സ്വീകാര്യത ലഭിച്ചു. അയ്യപ്പ വിശ്വാസങ്ങളെ മുറിവേൽപ്പിച്ച സർക്കാരിന് എതിരാണ് അയ്യപ്പനും അയ്യപ്പ വിശ്വാസികളുമെന്നും അദ്ദേഹം പ്രതികരിച്ചു.
നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫ് ശിഥിലമാകുമെന്ന ഇപി ജയരാജന്റെ പ്രസ്താവനയോടും ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ശിഥിലമാകുന്നത് സിപിഎമ്മാണെന്ന് അദ്ദേഹം പറഞ്ഞു.
Comments