ന്യൂഡൽഹി : കൊറോണ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഭദ്രമാകുമെന്ന് ആവർത്തിച്ച് ഐഎംഎഫ്. നടപ്പ് സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) വിലയിരുത്തൽ. മുൻ മാസങ്ങളിൽ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവചനം.
ഇക്കുറി ഇക്കുറി സാമ്പത്തിക വളർച്ച 12.5 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്തുന്നതിന്റെ തെളിവുകൾ കഴിഞ്ഞ രണ്ട് മാസങ്ങളിലായി ലഭിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തെ നിലവിലെ കൊറോണ വ്യാപനം സൂക്ഷിക്കേണ്ടതാണെന്നും ഗീതാ ഗോപിനാഥ് മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ കാര്യമായ വളർച്ചയുണ്ടാകുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. അടുത്ത സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉത്പാദനം 6.9 ശതമാനമായി ഉയരുമെന്നും പ്രവചിക്കുന്നുണ്ട്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടെയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രവചനം പുറത്തുവരുന്നത്. സാമ്പത്തിക മേഖലയിൽ അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Comments