തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ. കെട്ടുകണക്കിന് ഉപയോഗിക്കാത്ത പോസ്റ്ററുകളാണ് ആക്രിക്കടയിൽ വിൽപ്പനയ്ക്കെത്തിയത്. പോസ്റ്റർ ആരാണ് വിൽപ്പനയ്ക്ക് എത്തിച്ചതെന്ന കാര്യത്തിൽ അന്വേഷണത്തിലാണ് കോൺഗ്രസ് നേതൃത്വം.
കുറവൻകോണം മേഖലയിൽ വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവയെന്നാണ് സൂചന. നന്ദൻകോട് വൈഎംആർ ജംങ്ഷനിലുള്ള ആക്രിക്കടയിലാണ് പോസ്റ്ററുകൾ വിറ്റത്. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപയ്ക്ക് ആക്രിക്കടയിൽ വിറ്റത്.
വോട്ടെടുപ്പ് കഴിഞ്ഞ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ പോസ്റ്ററുകൾ വിൽപ്പനയ്ക്ക് എത്തിയതിൽ ആളുകളിൽ അമ്പരപ്പ് ഉണ്ടായിരിക്കുകയാണ്. അതേസമയം കടുത്ത മത്സരം നടന്ന വട്ടിയൂർക്കാവിൽ മുന്നണികളെല്ലാം വലിയ വിജയ പ്രതീക്ഷയിലാണ്. ബിജെപി സ്ഥാനാർത്ഥി വി.വി രാജേഷ് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് എന്നിവർക്കെതിരെയാണ് വീണ മത്സരിച്ചത്. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചത്.
Comments