ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണിന് ഇന്ന് തുടക്കം. വൈകീട്ട് 7.30ന് ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ഹാട്രിക് കിരീടം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സും കന്നിക്കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിയും ഏറ്റുമുട്ടും. ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയും ഉപ നായകൻ രോഹിത് ശര്‍മ്മയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് കൂടിയാണ് ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കുന്നത്.
ഇതുവരെ ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 29 മത്സരങ്ങളില്‍ 19ലും ജയിച്ചാണ് മുംബൈയുടെ വരവ്. അഞ്ച് കപ്പുയര്‍ത്തിയ മുംബൈ ഏറ്റവും ശക്തമായ താരനിരയുമായാണ് ഇറങ്ങുന്നത്. പക്ഷേ ടൂർണമെന്റിലെ ആദ്യ മത്സരം തോല്‍ക്കുകയെന്നത് ടീമിന്റെ ശീലമാണ്. കഴിഞ്ഞ എട്ട് സീസണിലും ആദ്യ മത്സരം തോല്‍ക്കാനായിരുന്നു മുംബൈയുടെ വിധി. ഇത് തിരുത്തിക്കുറിക്കുന്നതിന് കൂടിയാണ് രോഹിത്തിം സംഘവും ഇറങ്ങുന്നത്.
ചാമ്പ്യൻ ടീമിലെ ഒട്ടുമിക്ക താരങ്ങളെയും നിലനിർത്തിയാണ് മുംബൈ ഇന്ത്യൻസ് എത്തുന്നത്. ക്വാറന്റീൻ പൂർത്തിയാക്കിയ കീറോൺ പൊള്ളാർഡും മുംബൈ ക്യാമ്പിലെത്തി. രോഹിത് ശർമ്മയ്‌ക്കൊപ്പം ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, പാണ്ഡ്യ സഹോദരൻമാർ, ട്രെന്റ് ബോൾട്ട് തുടങ്ങിയവർ കൂടി ചേരുമ്പോൾ മുംബൈ അതിശക്തരാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്റൺ ഡി കോക്കിന് ഇന്നത്തെ മത്സരം നഷ്ടമാകും. ക്വാറന്റൈൻ പൂർത്തിയാകാത്തതിനാലാണ് താരത്തിന് മത്സരം നഷ്ടമാകുന്നത്.
വിരാട് കോഹ് ലി, എ ബി ഡിവില്ലിയേഴ്സ് എന്നിവർക്കൊപ്പം ഗ്ലെൻ മാക്സ്‍വെല്ലും കെയ്ൽ ജാമിസണും സച്ചിൻ ബേബിയും മുഹമ്മദ് അസ്‌ഹറുദ്ദീനും ഇത്തവണ ആർസിബി നിരയിലുണ്ട്. സ്‌പിൻ കരുത്തായി യൂസ്‍വേന്ദ്ര ചാഹലും വാഷിംഗ്ടൺ സുന്ദറും ടീമിനൊപ്പമുണ്ട്. ഓപ്പണര്‍ ദേവ്ദത്ത് പടിക്കൽ കൊറോണ മുക്തനായി തിരിച്ചെത്തിയതും ബാംഗ്ലൂരിന് ആശ്വാസം നൽകുന്നു.
Comments