തിരുവനന്തപുരം : മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ശംഖുമുഖം രാജീവ് നഗര്‍ ടി.സി 34/61 ല്‍ ഷംസുദ്ദീന്റെ മകന് ഷംനാദ് (33) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പണ്ടാരക്കണ്ടം ദുര്‍ഗ ലെയിന്‍ അഭി വില്ലയില്‍ ബിനു (35), വലിയ ശാസ്താനഗര്‍ വിഷ്ണു വിഹാറില്‍ വിഷ്ണു രൂപ് (35), ഓള് സെയിന്റ്സ് രാജീവ് നഗര്‍ രജിത ഭവനില്‍ രജിത്ത് (35)എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി ബിനുവിന്റൈ വീട്ടിലായിരുന്നു സംഭവം. ബിനു തന്നെയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. നാല് സുഹൃത്തുക്കളും ഒരുമിച്ച് മദ്യം കഴിക്കുന്നതിനിടയില്‍ രജിത്തും ഷംനാദും വിഷ്ണു രൂപും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതു പരിഹരിക്കാന്‍ ബിനു ശ്രമിക്കുന്നതിനിടെ തന്റെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിഷ്ണു രൂപ് ഷംനാദിനെ കുത്തുകയായിരുന്നു. രജിത്തും വിഷ്ണു രൂപും അപ്പോള്‍ തന്നെ രക്ഷപ്പെട്ടു.
മദ്യലഹരിയിലായിരുന്നതിനാല്‍ ബിനുവിന് കുത്തേറ്റ ഷംനാദിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച രാവിലെ ഉണര്‍ന്നപ്പോഴാണ് മരിച്ചു കിടക്കുന്ന ഷംനാദിനെ ബിനു കണ്ടത് അപ്പോള്‍തന്നെ പോലീസില്‍ അറിയിക്കുകയും ചെയ്തു. പിന്നീടു നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിനെയും രജിത്തിനെയും പോലീസ് പിടി കൂടി. കുത്തേറ്റ് ഷംനാദിനെ കൃത്യസമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കാത്തതാണ് ബിനുവിനും രജിത്തിനും എതിരെയുള്ള കേസ്. ഇവര്‍ നാലുപേരും കാറ്ററിങ് സര്‍വീസ് നടത്തി വരുന്നവരാണ്.
Comments