ദോഹ. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്ന്
എത്തുന്നവര്‍ക്ക് ഇനി മുതല്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റൈന്
നിര്‍ബന്ധമെന്ന് ഖത്തര്‍. ഇന്ത്യക്കു പുറമേ നേപ്പാള്‍,
പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍
നിന്നുള്ളവര്‍ക്കാണ് 10 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്
വേണ്ടത്. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്
ഏഴുദിവസമായിരുന്നു ഹോട്ടല്‍ ക്വാറന്റൈന്.
രണ്ടു പേര് മുറി പങ്കിടുന്ന മഖെയ്ന്സ് സംവിധാനത്തിലുള്ളവര്ക്ക് ക്വാറന്റൈന് 14 ദിവസമായിരിക്കുമെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറില്‍ നിന്നു രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കും ആറു മാസത്തിനിടെ കോവിഡ് ഭേദമായവര്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നല്‍കിയിരുന്ന ഇളവും റദ്ദാക്കി. ഇതിനു
പുറമേ അതതു രാജ്യങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത ലാബില്‍ നിന്ന് യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ഖത്തറിലേക്കുള്ള വിമാനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. നേരത്തെ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല.
ഈ ആറു രാജ്യങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഈ രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്കുള്ള ട്രാന്‍സിറ്റ് യാത്രികര്‍ക്കും വ്യവസ്ഥ ബാധകമാണ്. ഹോട്ടലില്‍ എത്തിയവരെ ഒന്നാം ദിവസം തന്നെ പിസിആര്‍ ടെസ്റ്റിനു വിധേയരാക്കും. ക്വാറന്റൈന് അവസാനിക്കുന്ന ദിവസത്തിനു തൊട്ടുമുമ്പ് ഇവരെ വീണ്ടും പിസിആര്‍ ടെസ്റ്റിനു വിധേയരാക്കും. ഖത്തറില്‍ ഇറങ്ങി മറ്റു രാജ്യങ്ങളിലേക്കു പോകേണ്ട യാത്രക്കാര്‍ക്ക് വീണ്ടും ഒരു പിസിആര്‍ ടെസ്റ്റ് ആവശ്യമെങ്കില്‍ 300 റിയാല്‍ അടച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടെസ്റ്റ് നടത്താം.
കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുമെടുത്ത് എത്തുന്ന ഇന്ത്യക്കാരെ മൂന്നു ദിവസം മുമ്പ് ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന്
ഖത്തര്‍ ഒഴിവാക്കിയിരുന്നു.ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഔദ്യോഗിക ട്വിറ്റര്‍
പേജിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. ഈ തീരുമാനവും ഇതോടെ റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഖത്തറില്‍ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളില്‍ യഥാസമയം ആവശ്യമായ മാറ്റങ്ങള്‍ തുടരുമെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഈ ആറു രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് എത്തുന്നവര്‍ മൂന്നുവട്ടം പിസിആര്‍ ടെസ്റ്റിനു വിധേയരാകണം. ഇതും ഹോട്ടല്‍ ക്വാറന്റൈന് ദിനങ്ങളിലെ വര്‍ധനവും ഖത്തറിലേക്കുള്ള യാത്രാചെലവില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കും. ഡിസ്കവര് ഖത്തര്‍ വെബ് സൈറ്റ് മുഖാന്തിരമാണ് ഹോട്ടല്‍ ബുക് ചെയ്യേണ്ടത്. ഹോട്ടല്‍ റൂമുകള്‍ക്ക് പലപ്പോഴും ദൗര്‍ലഭ്യം നേരിടുന്നത് പലരുടേയും
യാത്രകളെ ബാധിക്കുന്നുമുണ്ട്.
Comments