ന്യൂഡൽഹി : ട്വെന്റി ട്വെന്റി മത്സരമെന്നാൽ ഇതാണ്. ഡൽഹി സ്റ്റേഡിയത്തിൽ രണ്ട് ചാമ്പ്യന്മാർ ഏറ്റുമുട്ടിയപ്പോൾ കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ പോരാട്ടത്തിൽ മുംബൈക്ക് ഉജ്ജ്വല ജയം. ചെന്നൈ ഉയർത്തിയ 219 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം അവസാന പന്തിൽ മറികടന്ന് മുംബൈ നാലു വിക്കറ്റിന്റെ ജയം നേടി.
അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ താരം കീറോൺ പൊള്ളാർഡ് തകർത്താടിയപ്പോൾ വിജയം മുംബൈക്കൊപ്പം നിൽക്കുകയായിരുന്നു. 17 പന്തിൽ അർദ്ധ സെഞ്ച്വറി കുറിച്ച പൊള്ളാർഡ് 34 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറികളും എട്ട് കൂറ്റൻ സിക്സറുകളുമടിച്ചാണ് പൊള്ളാർഡ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 23 പന്തിൽ 32 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയും 7 പന്തിൽ 16 റൺസെടുത്ത് ഹാർദിക് പാണ്ഡ്യയും പൊള്ളാർഡിന് പിന്തുണ നൽകി. നേരത്തെ ഓപ്പണിംഗ് വിക്കറ്റിൽ 71 റൺസ് നേടി ക്യാപ്ടൻ രോഹിത് ശർമ്മയും ക്വിന്റൺ ഡികോക്കും മുംബൈയുടെ പോരാട്ടത്തിന് അടിസ്ഥാനമിട്ടു. രോഹിത് 35 ഉം ഡികോക്ക് 38 ഉം റൺസെടുത്തു. അവസാന ഓവറിൽ 16 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടിച്ച് ലക്ഷ്യത്തിലേക്കടുത്ത പൊള്ളാർഡ് അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്താണ് ജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അമ്പാട്ടി തിലക് റായിഡുവിന്റെ തകർപ്പൻ ബാറ്റിംഗിന്റെ ബലത്തിലാണ് 20 ഓവറിൽ 218 റൺസ് അടിച്ചു കൂട്ടിയത്. 27 പന്തിൽ ഏഴു സിക്സറുകളുടേയും നാല് ബൗണ്ടറികളുടേയും അകമ്പടിയോടെ റായിഡു 72 റൺസ് നേടി. 28 പന്തിൽ 50 റൺസ് അടിച്ച ഡുപ്ലസിസും 36 പന്തിൽ അൻപത്തെട്ട് റൺസ് നേടിയ മോയിൻ അലിയും ചെന്നൈ സ്കോർ ഇരുനൂറു കടക്കാൻ സഹായിച്ചു. മുംബൈക്ക് വേണ്ടി പ്രധാന ബൗളർമാർ തല്ലു വാങ്ങിക്കൂട്ടിയപ്പോൾ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയ പൊള്ളാർഡ് തന്നെയാണ് ബൗളിംഗിലും മികച്ച് നിന്നത്.
Comments