വാഷിംഗ്ടൺ: വീടിന് തീവെച്ച ശേഷം അത്കണ്ട് ആസ്വദിക്കുന്ന യുവതിയുടെ വീഡിയോ വൈറലാവുന്നു. അമേരിക്കയിലെ സിസിൽ കൗണ്ടിയിലുള്ള മേരിലാൻഡിലാണ് സംഭവം. വീടിനുള്ളിൽ തീ പടരുമ്പോൾ മുൻ വശത്ത് കസേരയിൽ വളരെ കൂളായി ഇരിക്കുന്ന യുവതിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഗാലി മെറ്റവാലിയാണ് വീടിന് തീ കൊളുത്തിയത്. വീടിനുള്ളിൽ കുടുങ്ങിക്കിടന്ന ഒരാളെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി.
അയൽവാസിയായ ഹമോണ്ട് എന്നയാളാണ് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചത്. അയൽവാസികളായ രണ്ട് പേരുമായി യുവതി തർക്കത്തിൽ ഏർപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. പിന്നാലെ വീടിന് തീ കൊളുത്തുന്നതും ശേഷം പുറത്ത് പുസ്തകവുമായിരുന്ന് ഇവർ ഇത് കാണുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
വീടിനുള്ളിൽ നിരവധി സ്ഥലങ്ങളിൽ യുവതി തീ വച്ചിരുന്നു. വീടിനുള്ളിൽ നിന്നും കരച്ചിൽ കേട്ടതിനെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് ജനലിൻെ ചില്ല് പൊട്ടിച്ചാണ് കുടുങ്ങിക്കിടന്നയാളെ പുറത്തെത്തിച്ചത്. വീട് കത്തിത്തുടങ്ങി അൽപ്പ സമയത്തിന് ശേഷം ഇവർ ഒളിവിൽപ്പോയി. പിന്നീട് മേരിലാൻഡ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് യുവതിയ്ക്കെതിരെ പോലീസ് ചുമത്തിയത്.
ഗലി മെറ്റാവലി ഉൾപ്പെടെ നാല് പേരാണ് വീട്ടിൽ താമസിച്ചിരുന്നത്. തീ പടരുന്ന സമയം ഒരാളെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വീട് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. അതേസമയം യുവതിയ്ക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുണ്ട്. സിസിൽ കൗണ്ടിയിലെ ഡിറ്റൻഷൻ സെന്ററിലാണ് യുവതിയെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്.
Comments