ന്യൂഡൽഹി : കൊറോണ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. കൊറോണ പോസിറ്റീവ് റിസൾട്ട് ഇല്ലാതെയും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാം. രോഗമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കൊറോണ കെയർ സെന്ററിലോ, കൊറോണ ഹെൽത്ത് സെന്ററിലോ, കൊറോണ ആശുപത്രിയിലോ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പോസിറ്റീവ് റിസൾട്ട് ഇല്ലാതെയും നിരവധി പേർ ആശുപത്രിയിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി. ഒരു രോഗിയ്ക്കും ചികിത്സ നിഷേധിക്കാൻ പാടില്ല. ഓക്സിജനും മറ്റ് മരുന്നുകളും ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു.
ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് താമസിക്കുന്നത് എന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ ചികിത്സിയ്ക്കാതെ മടക്കിയയ്ക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ആവശ്യമനുസരിച്ചാവണം ആശുപത്രിയിൽ പ്രവേശനം നൽകുന്നത്. ആശുപത്രി ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്ക് ബെഡ് നൽകരുതെന്നും ഡിസ്ചാർജ് പോളിസി അനുസരിച്ച് മാത്രമേ രോഗിയെ ഡിസ്ചാർജ് ചെയ്യാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
Comments