മാലേ: ലോക ക്രിക്കറ്റിലെ ആഘോഷങ്ങള്‍ക്കും ആവേശത്തിനും എന്നും പേരുകേട്ട ക്രിസ് ഗെയില്‍ കൊറോണക്കാലത്തും ആരേയും നിരാശരാക്കുന്നില്ല. ഇന്ത്യയില്‍ ഐ.പി.എല്‍ കളിക്കാനെത്തി പാതിവഴിയില്‍ കളി മുടങ്ങിയിട്ടും ഗെയില്‍ തന്‍റെ ശൈലി കൈവിട്ടിട്ടില്ല. മാലിദ്വീപില്‍ ഒഴിവുസമയം ആസ്വദിക്കുന്ന ക്രിസ് ഗെയില്‍ കടല്‍പരപ്പിലൂടെ ചീറിപ്പായുകയാണ്. വാട്ടര്‍ സ്കൂട്ടറില്‍ ജെറ്റ് സ്കീയിംഗ് നടത്തിയാണ് ക്രിസ് ഗെയില്‍ തന്‍റെ രസം കണ്ടെത്തുന്നത്. ആരാധകര്‍ക്കായി തന്‍റെ ഇന്‍സ്റ്റാഗ്രാമിലാണ് ഗെയില്‍ ചിത്രങ്ങളിട്ടത്.
ഐ.പി.എല്ലില്‍ ഇത്തവണ താമസിച്ചിരുന്ന ഹോട്ടലില്‍ പലതരം വിനോദങ്ങളും അടുക്കള സന്ദര്‍ശനവും ഒക്കെയായി എല്ലാവരുടേയും പ്രീയതാരമായ കരീബിയന്‍ കരുത്തന്‍ നാട്ടിലേക്ക് മടങ്ങുന്നതിന്‍റെ ഭാഗമായാണ് മാലിദ്വീപിലെ റിസോട്ടില്‍ എത്തിപ്പെട്ടത്. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് വിമാനസർവ്വീസ് ഇല്ലാത്തതിനാല്‍ ബി.സി.സി.ഐ എല്ലാ വിദേശതാരങ്ങളേയും മാലിദ്വീപിലെ ഹോട്ടലുകളിലും റിസോട്ടുകളിലും താമസിപ്പിച്ച് അവിടെനിന്നും അതാത് നാടുകളിലേക്കുള്ള യാത്രാസൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത്.
നടി പ്രീതി സിന്‍റയുടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ താരമായിട്ടാണ് ഐ.പി.എല്ലില്‍ ഗെയില്‍ കളിക്കുന്നത്. ഇത്തവണ അത്രമികച്ച ഫോമിലല്ല ക്രിസ് ഗെയില്‍ കളിച്ചിട്ടുള്ളത്. എട്ടു മത്സരങ്ങളിലായി 178 റണ്‍സാണ് ആകെ നേടിയത്. കൊറോണ വ്യാപനം മത്സരം മുടക്കുമ്പോള്‍ പഞ്ചാബ് ആറാം സ്ഥാനത്താണ്. 2009ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായിട്ടാണ് ക്രിസ് ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 140 മത്സരങ്ങള്‍ കളിച്ചു. ഐ.പി.എല്ലിലെ റണ്‍വേട്ടക്കാരില്‍ ഏഴാമനായ ഗെയില്‍ ഇതുവരെ 4950 റണ്‍സും അടിച്ചെടുത്തുകഴിഞ്ഞു.















