അഹമ്മദാബാദ്: സർദാർ പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ കെവാദിയ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയാകുന്നു. 182 മീറ്റർ ഉയരമുള്ള പ്രതിമ സന്ദർശിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന കെവാദിയ ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. വാഹനങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ നടപടി.
പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഘട്ടം ഘട്ടമായി കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമോടുന്ന നഗരമാക്കുമെന്ന് പ്രഖ്യാപിച്ചത്. സന്ദർശകരുമായി എത്തുന്ന ബസുകൾ ഇലക്ട്രിക് ആയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഗുജറാത്തിലെ ഊർജ വികസന ഏജൻസി ഇക്കാര്യത്തിൽ സഹായം നൽകും. ഈ മേഖലയുടെ ചുമതലയിലുള്ള ടൂറിസം വകുപ്പിനാണ് ഇതിന്റെ മേൽനോട്ട ചുമതല.
പ്രദേശത്ത് ജോലി ചെയ്യുന്നവർക്കും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിക്കാൻ വായ്പയും സബ്സിഡിയും നൽകും. 50 ഇ ഓട്ടോകളുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകും. തദ്ദേശീയരായ സ്ത്രീകൾക്ക് ഇ ഓട്ടോറിക്ഷകൾക്ക് വായ്പ നൽകും. കൂടാതെ ഇലക്ട്രിക് ബൈക്കുകളും ഇവിടെ വിപണിയിലുണ്ട്. രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികളുടെ കേന്ദ്രവുമാണ് ഇവിടം.
Comments