ഗായകനായും സംഗീത സംവിധായകനായും ലോകമെങ്ങുമുളള ആസ്വാദകരുടെ മനസ് കീഴടക്കിയ ശങ്കർ മഹാദേവന്‍റെ സംഗീത യാത്രയും വ്യക്തി ജീവിതവും ആസ്‍പദമാക്കി ദീപ്‍തി പിളള ശിവൻ സംവിധാനം ചെയ്‍ത ഡികോഡിംഗ് ശങ്കർ എന്ന ഡോക്യുമെന്‍ററി ടൊറന്‍റോ രാജ്യാന്തര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര വനിത ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.ദക്ഷിണ കൊറിയ, ജർമ്മനി,സ്‍പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് ചിത്രം നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പനോരമ വിഭാഗത്തിലും പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്.
ഗായകൻ,സംഗീത സംവിധായകൻ, കുടുംബനാഥൻ,ഭക്ഷണ പ്രേമി തുടങ്ങിയ ജീവിത യാത്രയിലെ സമസ്‍ത ഭാവങ്ങളും ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഡോക്യുമെന്‍ററിയിൽ പകർത്തിവെച്ചിട്ടുണ്ട്. ഹിറ്റുകൾ പിറന്ന വഴിയെ കുറിച്ചും ജീവിതത്തിന്‍റെ ഉയർച്ച താഴ്‍ചകളെ കുറിച്ചും ഒട്ടും നിറങ്ങൾ ചേർക്കാതെ ചിത്രം പറഞ്ഞുവെക്കുന്നു. സോഫ്‍റ്റ് വെയർ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചാണ് ശങ്കർ മഹാദേവൻ സംഗീതം ജീവിത വ്രതമായി തെരഞ്ഞെടുത്തത്. മൂന്ന് തവണ മികച്ച ഗായകനുളള ദേശീയ പുരസ്‍കാരവും രണ്ട് തവണ മികച്ച സംവിധായകനുളള ദേശീയ പുരസ്കാരവും നേടിയ ശങ്കർ മഹാദേവനെ തേടി സംസ്ഥാന പുരസ്‍കാരങ്ങളടക്കം നിരവധി തവണ തേടിയെത്തിയിട്ടുണ്ട്. അമിതാബ് ബച്ചൻ, ജാവേദ് അക്തർ, അമീർ ഖാൻ തുടങ്ങിയവരും ശങ്കറിലെ പ്രതിഭയെകുറിച്ച് ഇതിൽ വാചാലരാകുന്നു.
പ്രശസ്‍ത സംവിധായകൻ സഞ്ജീവ് ശിവന്‍റെ ഭാര്യയായ ദീപ്‍തി നേരത്തെ നിരവധി സിനിമകളുടേയും ഡോക്യുമെന്‍ററികളുടേയും ഭാഗമായിരുന്നു.1993ൽ വേണുനാഗവള്ളി സംവിധാനം ചെയ്‍ത കളിപ്പാട്ടത്തിലെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ദീപ്‍തി ആദ്യമായാണ് സ്വതന്ത്ര സംവിധായികയുടെ തൊപ്പിയണിഞ്ഞത്. ബയോപെക് എന്നതിലുപരി അനുഭപ്പെടുത്തലിന്‍റേയും ആസ്വാദനത്തിന്‍റേയും മറ്റൊരു തലം തന്നെയാണ് ഡോക്യുമെന്‍ററി പ്രേക്ഷകർക്ക് നൽകുന്നത്. അതുകൊണ്ട് ആസ്വാദക സ്വീകാര്യതയ്‍ക്കൊപ്പം പുരസ്കാര പെരുമയും ഡികോഡിംഗ് ശങ്കർ ഇനിയും സ്വന്തമാക്കുമെന്നുറപ്പ്















