കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേന്ദ്രസർക്കാരിന്റെ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സ്ആപ്പ് നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമളി സ്വദേശിയായ ഓമനക്കുട്ടനാണ് വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്രസർക്കാരിന്റെ ഐടി ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു. വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്സ്ആപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ പറയുന്നു.
പുതിയ ഐടി നിയമങ്ങൾ പാലിക്കണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതോടെ ഇതിനെതിരെ വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടന പൗരന്മാർക്ക് നൽകുന്ന സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണ് നിയമത്തിലെ ഒരു ഭാഗം എന്നായിരുന്നു വാട്സ്ആപ്പിന്റെ വാദം.
Comments