കൊറോണ വാക്സിന് സ്വീകരിച്ച വ്യക്തികള്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കാരണം വിവിധ സംഘടനകളും സ്ഥാപനങ്ങളും അവരുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കൊറോണ വാക്സിന് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ സര്‍ട്ടിഫിക്കറ്റില്‍ നല്കിയ വിവരങ്ങള്‍ ശരിയായി നല്‍കേണ്ടതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ തെറ്റുകള്‍ വന്നേക്കാം. ഈ പിഴവുകള്‍ തിരുത്താന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. വാക്സിന് സ്വീകരിച്ച വ്യക്തിയുടെ പേര്, ലിംഗം, ജനന വര്‍ഷം തുടങ്ങിയ വിവരങ്ങള്‍ തിരുത്താനുള്ള സൗകര്യം വാക്സിന് രജിസ്ട്രേഷന്, സര്ട്ടിഫിക്കേഷന് എന്നീ സേവനങ്ങള്‍ നല്കുന്ന പോര്‍ട്ടലുകളില്‍ ഇനി ലഭ്യമാകും. ഇതിനായി ആദ്യം കോവിന്‍ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക. ശേഷം സൈന്‍ ഇന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
പന്നീട് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. ആ ഒടിപി നല്കി സൈന്‍ ഇന്‍ പൂര്‍ത്തിയാക്കുക. പിന്നീട് പോര്‍ട്ടലിന്റെ മുകളില്‍ വലതു വശത്തായി കാണുന്ന ‘റെയ്സ് ആന്‍ ഇഷ്യൂ’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന മെനുവില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട ഓപ്ഷന് തിരഞ്ഞെടുക്കുക. ആസമയം ഏത് അംഗത്തിന്റെ വിവരങ്ങളാണ് തിരുത്തേണ്ടത് എന്നത് സ്ഥിരീകരിക്കാനായി പ്രസ്തുത അംഗത്തിന്റെ പേര് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. അപ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ള അംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ തിരുത്തേണ്ട അംഗത്തിന്റെ പേര് തിരഞ്ഞെടുക്കുക. അതില്‍ ‘കറക്ഷന് ഇന്‍ സര്‍ട്ടിഫിക്കറ്റ്’ എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക.
നാല് വിഭാഗത്തില്‍പ്പെടുന്ന വിവരങ്ങള്‍ ഇവിടെ തിരുത്താന്‍ കഴിയും. പേര്, ജനന വര്‍ഷം, ലിംഗം, ഫോട്ടോ ഐ ഡി നമ്പര്‍ എന്നിവയാണ് അവ. നിങ്ങള്‍ക്ക് തിരുത്തേണ്ട വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് വിവരങ്ങള്‍ തിരുത്തുക. അതിനു ശേഷം ‘കണ്ടിന്യൂ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പുതിയ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുക. കോവിന്‍ മോഡറേറ്റര്‍മാരുടെ അനുമതി ലഭിച്ചതിന് ശേഷം നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യപ്പെടും. എന്നാല്‍ ഒറ്റത്തവണ മാത്രമേ വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിനാല്‍, തിരുത്തേണ്ട എല്ലാ വിവരങ്ങളും ഒറ്റത്തവണ തന്നെ തിരുത്തുക. കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച ഏതൊരാള്‍ക്കും കോവിന്‍ പോര്‍ട്ടലില്‍ നിന്ന് തങ്ങളുടെ വ്യക്തിഗത വിവരങ്ങളില്‍ വേണ്ട തിരുത്തലുകള്‍ വരുത്താന്‍ കഴിയും.
Comments