മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് ജന്മദിനം. 1959 ജൂൺ 26-ന് കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായി ജനനം. 1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് അത് തുടരാനായില്ല. 80 കളോടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 86 ൽ പുറത്തിറങ്ങിയ രാജാവിന്റെ മകനിലെ റോളിലൂടെ ശ്രദ്ധേയനായി. പിന്നീടിങ്ങോട്ട് ജനമനസുകളിൽ ഇടംപിടിക്കുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് ഗോപി മലയാളി കുടുംബങ്ങളിലെ ഒരു അംഗമായി തന്നെ മാറി.
നീതിമാനായ പോലീസ് ഓഫീസറായി, സ്നേഹ ധനനായ ഭർത്താവായി, രാഷ്‌ട്രീയ അഴിമതിക്കാർക്കെതിരാളിയായി, ഓർമ്മ നഷ്ടപ്പെട്ട തന്റെ പ്രേയസിയെ കരൾ പൊട്ടുന്ന വേദനയിലും മറ്റൊരാൾക്ക് സമ്മാനിക്കുന്ന നിസ്സഹായനായ ഭർത്താവായും ഒക്കെ ആസ്വാദക മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങളിലൂടെ കേരളത്തിലെ ഓരോ സ്വീകരണമുറിയിലും നിറസാന്നിധ്യമായ സുരേഷ് ഗോപി എന്ന അതുല്യ നടന് ഒരു മുഖവുരയുടെ ആവശ്യമില്ല. താരപ്പകിട്ട് നൽകുന്ന സുഖശീതളിമയിൽ മറ്റേത് താരത്തെയും പോലെ ജീവിതകാലം മുഴുവൻ സുഖമായി വാഴാൻ സാധിക്കാമെന്നിരിക്കേ വേദന തിന്നുന്ന ഒരു ജനസമൂഹത്തിനൊപ്പം ജീവിക്കേണ്ടത് തന്റെ ജന്മദൗത്യം ആണെന്ന് തിരിച്ചറിഞ്ഞു ഈ മനുഷ്യ സ്റ്റേഹി.
നാട്യശാസ്ത്രത്തിന്റെ അളവുകോലുകൾക്കെല്ലാമപ്പുറമുള്ള നിരവധി ഭാവങ്ങൾ നിമിഷാർദ്ധങ്ങൾക്കുള്ളിൽ മിന്നി മറയുന്ന രാഷ്‌ട്രീയ രംഗത്തെ അഭിനയകുലപതികൾക്ക് മുമ്പിൽ ജീവിതത്തിൽ അഭിനയിക്കാനറിയാത്ത സുരേഷ് ഗോപി വ്യത്യസ്തനാകുന്നത് തന്റെ സാമൂഹ്യ പ്രതിബദ്ധതയിൽ ഇതുവരെ സ്വീകരിച്ച സത്യസന്ധതയും ഉറച്ച നിലപാടുകളും കൊണ്ട് മാത്രമാണ്. സത്യാന്വേഷികളും, നന്മ മരങ്ങളും, ആദർശപുരുഷന്മാരും എന്തിന് നന്മ നിറഞ്ഞ മുഖ്യമന്ത്രിയായിവരെ നിറഞ്ഞാടുന്ന അഭിനയകുലപതികൾ തങ്ങളുടെ രാഷ്‌ട്രീയം വെളിപ്പെടുത്താൻ പോലും ഭയപ്പെട്ട് രണ്ട് വള്ളങ്ങളിൽ യാത്ര ചെയ്യുന്ന സിനിമാരംഗത്ത് തന്റെ രാഷ്‌ട്രീയം ചങ്കുറപ്പോടെ ഉറക്കെ പറയാനുള്ള സത്യസന്ധതയാണ് സുരേഷ് ഗോപിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട സുരേഷേട്ടന് ടീം ജനത്തിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ















