തിരുവനന്തപുരം : നിരന്തര പരിശോധനകൾ നടത്തി സംസ്ഥാന സർക്കാർ പൂട്ടിക്കാൻ ശ്രമിക്കുന്ന കിറ്റെക്സ് ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് തെലുങ്കാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട സന്ദേശം തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബിന് കൈമാറി. കേരള സർക്കാരിന്റെ വേട്ടയാടലിനെ തുടർന്ന് സംസ്ഥാനത്ത് 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്സ് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാന സർക്കാരും സ്വാഗതം ചെയ്തിരിക്കുന്നത്.
വൻ വാഗ്ദാനങ്ങളാണ് കിറ്റെക്സ് ഗ്രൂപ്പിന് മുൻപിലേക്ക് വയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വാഗ്ദാനങ്ങൾ അടക്കം അറിയിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രജ്ജനെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും പിണറായി സർക്കാർ തുരത്തിയോടിക്കാൻ ശ്രമിക്കുന്ന കിറ്റെക്സ് ഗ്രൂപ്പിനെ കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാനയുടെ ക്ഷണം. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങൾ സമാനമായ രീതിയിൽ മുന്നോട്ടുവരുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന നിക്ഷേപം തമിഴ്നാട്ടിൽ നടത്തണമെന്നും, ഇതിനായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകാൻ തയ്യാറാണെന്നുമാണ് സ്റ്റാലിൻ സർക്കാർ സാബു ജേക്കബിനെ അറിയിച്ചിരിക്കുന്നത്. നിരവധി ആനുകൂല്യങ്ങളും തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments