ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്തു. ഡെറാഡൂണിലെ രാജ്ഭവനിൽ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. ധാമിയ്ക്ക് ഗവർണർ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സർക്കാർ അധികരത്തിലേറിയ ശേഷം മുഖ്യമന്ത്രി പദവി അലങ്കരിക്കുന്ന മൂന്നാമത്തെ നേതാവാണ് ധാമി.
ധാമിയ്ക്ക് പുറമേ എംഎൽമാരായ സത്യപാൽ മഹാരാജ്, ഹരാക് സിംഗ് റാവത്, ബൻസിദാർ ഭഗത് , യശ്പാൽ ആര്യ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കൊറോണ മാർഗ്ഗ നിർദ്ദേശം പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. പ്രമുഖ ബിജെപി നേതാക്കളും ചടങ്ങിൽ സന്നിഹിതരായി.
സംസ്ഥാനത്തിന്റെ 11ാമത്തെ മുഖ്യമന്ത്രിയാണ് ധാമി. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി യോഗത്തിലാണ് ധാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് . സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് ധാമി.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിർണായക നീക്കങ്ങളാണ് സംസ്ഥാനത്ത് ബിജെപി നടത്തുന്നത്. മുഖ്യമന്ത്രിയായിരുന്ന തിരാത് സിംഗ് റാവത്ത് രാജിവെച്ചതിനെ തുടർന്നാണ് പുഷ്കർ സിംഗ് ധാമിയെ തെരഞ്ഞെടുത്തത്. യുവനേതാവ് കൂടിയായ ധാമി സംസ്ഥാനത്തെ കൂടുതൽ നേട്ടങ്ങളിലെത്തിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ വികസനം എത്തിക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് ധാമി ഇന്നലെ പ്രതികരിച്ചിരുന്നു.
Comments