കൊച്ചി: കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ്. ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചുവെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളോട് പ്രതികരിക്കാനില്ല. തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണമാണെന്നും കേരളത്തിൽ മടങ്ങിയെത്തിയ സാബു എം ജേക്കബ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകൾക്കും മറുപടി പറയാനില്ല. രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല. അത്തരമൊരു വേദിയിൽ അതിനെ കുറിച്ച് പ്രതികരിക്കും. കേരളത്തിൽ 15,000ത്തോളം പേർക്ക് തൊഴിൽ നൽകാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയിൽ നിക്ഷേപിക്കുമെന്നും സാബു എം. ജേക്കബ് അറിയിച്ചു. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തിൽ നടത്തുക. തെലങ്കാന സർക്കാരുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. തെലങ്കാനയിൽ ജോലി തേടി എത്ര മലയാളികൾ വന്നാലും അവർക്ക് ജോലി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Comments